കോഴിക്കോട്: എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങി മരിച്ച കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി ഇയ്യാടൻ ഷാനിദിന്റെ പോസ്റ്റുമോർട്ടം ഇന്ന് രാവിലെ. എംഡിഎംഎ ശരീരത്തിൽ കലർന്നതാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകും.
ഇതിനുശേഷം തുടർ നടപടികൾ തുടരും. ഇതിന്റെ ഭാഗമായി ഷാനിദുമായി അടുപ്പക്കാരുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഇയാളുടെ പോസ്റ്റുമോർട്ടം നടക്കുക.
വെള്ളിയാഴ്ച രാവിലെയാണ് പൊലീന്റെ പിടിയിലാകുന്നത് ഒഴിവാക്കുന്നതിന് ഷാനിദ് രണ്ട് പൊതി എംഡിഎംഎ വിഴുങ്ങിയത്. ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ചു.
പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 11.20ന് മരിച്ചു. നിരവധിലഹരിമരുന്ന് കേസുകളിൽ പ്രതിയാണ്. അമ്പായത്തോട് പാറമ്മൽ പള്ളിക്കു സമീപമാണ് സംഭവം. രണ്ട് വർഷമായി ഇയാൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. വില്പനയും നടത്തിയിരുന്നു.
സി.ടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലാണ് വയറിൽ വെള്ള തരികളടങ്ങിയ ചെറിയ പായ്ക്കറ്റുകൾ കണ്ടെത്തിയത്. അമർത്തി ഒട്ടിക്കാവുന്ന പ്ളാസ്റ്റിക് കവറിൽ നിന്ന് എം.ഡി.എം.എ അലിഞ്ഞ് രക്തത്തിൽ കലർന്നതാണ് മരണകാരണം എന്നാണ് പോലീസ് കരുതുന്നത്.
ഇയാളുടെ വീട് എക്സെെസ് പരിശോധിച്ചെങ്കിലും ലഹരിമരുന്നൊന്നും കണ്ടെത്താനായില്ല.