നിലക്കടല കഴിച്ചിട്ട് പണം കൊടുക്കാതെ കടക്കാരനെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. കടക്കാരനോട് പൊലീസുകാരൻ തട്ടിക്കയറുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശ്രീരംഗം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്.Policeman suspended for eating peanuts and threatening shopkeeper without paying
ജൂൺ 1നായിരുന്നു സംഭവം. തിരുച്ചിറപ്പള്ളിയിലുള്ള വഴിയോരക്കച്ചവടക്കാരനോട് ആണ് രാധാകൃഷ്ണൻ നിലക്കടല വാങ്ങിയത്. പൈസ ചോദിച്ചപ്പോൾ താൻ പൊലീസുകാരനാണെന്ന് പറഞ്ഞ് കടക്കാരനോട് തട്ടിക്കയറി. താൻ ശ്രീരംഗം പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും ഇങ്ങനെ പോയാൽ കച്ചവടം ബുദ്ധിമുട്ടാകുമെന്നും പറഞ്ഞ് രാധാകൃഷ്ണൻ കടക്കാരനെ ഭീഷണിപ്പെത്തി. പൈസ കൊടുക്കാതെ സ്ഥലം വിടുകയും ചെയ്തു.
തുടർന്ന് കടക്കാരൻ തിരുച്ചിറപ്പള്ളി പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ഈ സമയം കൊണ്ട് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാധാകൃഷ്ണൻ കടക്കാരനെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. രാജൻ എന്നയാളാണ് കട നടത്തുന്നത്. സംഭവം നടക്കുന്ന സമയം രാജന്റെ മകൻ സാം ആയിരുന്നു കടയിൽ. സാം പറഞ്ഞതനുസരിച്ചാണ് പൊലീസിൽ രാജൻ പരാതി നൽകുന്നത്. മകനെ രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തിയതും ചൂണ്ടിക്കാട്ടിയാണ് രാജന്റെ പരാതി.