അല്ലു അർജുൻ അഭിനയിച്ച പുഷ്പ2 വിന്റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരത്തിനെതിരെ തെളിവുണ്ടെന്ന് തെലങ്കാന പൊലീസ്. തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിനെ നേരിട്ട് അറിയിച്ചിട്ടും സിനിമ കഴിഞ്ഞേ താൻ മടങ്ങൂവെന്ന നിലപാടിൽ നടൻ നിന്നതായാണ് പോലീസ് പറയുന്നത്. Police say they have evidence against Allu Arjun; CCTV footage released
നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു മറുപടി. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസിപി രമേഷ് മാധ്യമങ്ങളോട് പറഞ്ഞു. പുറത്തു പോകുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശവും താരം പാലിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
ദുരന്തത്തിനു ശേഷവും നടന്‍ കാണികളെ അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ യുവതി മരിച്ച വിവരം അറിഞ്ഞത് പിറ്റേദിവസമാണെന്നായിരുന്നു നടന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.