തൃശൂർ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ച ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. മദ്യവും നിരോധിത പുകയില ഉത്പന്നമായ ഹാൻസും ഉപയോഗിച്ച് സർവീസ് നടത്തിയ രണ്ടുപേരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ട് ബസ്സുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൂണ്ടൽ പെലക്കാട്ട് പയ്യൂർ സ്വദേശി ആലുക്കൽ വീട്ടിൽ ശ്രീകൃഷ്ണ(46)നെയും ഇയാൾ ഓടിച്ച എം കെ കെ ബസ്സും, വെള്ളാറ്റഞ്ഞൂർ കുറവന്നൂർ സ്വദേശി കൊടത്തിൽ വീട്ടിൽ അജിത്തി(21)നെയും ഇയാൾ കണ്ടക്ടറായി ജോലി ചെയ്യുന്ന ഫീസുമോൻ ബസ്സുമാണ് കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് കുന്നംകുളം പൊലീസ് സ്വകാര്യ ബസ്സുകളിൽ പരിശോധന ശക്തമാക്കിയത്.
പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിച്ച ശ്രീകൃഷ്ണനെയും, കണ്ടക്ടർ ജോലിക്കിടെ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് ഉപയോഗിച്ച അജിത്തിനെയും പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.
Read Also: പുൽപ്പള്ളിയിൽ ജനരോക്ഷം ശക്തം : പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്