കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി സുരേഷിനെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത് . കോഴിക്കോട് അരിക്കുളം സ്വദേശിയായ യുവാവിനെ ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. സൈബർ പൊലീസിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച യുവാവിനെ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ഒളിവിൽ പോയ പ്രതിയെ പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നിരന്തരമായി നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തിൽ നിന്ന് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
കഴിഞ്ഞ പന്ത്രണ്ടിനാണ് സംഭവം. വൈകിട്ട് അയൽവാസികളോടൊപ്പം തിരുവാതിര കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി, ഒരു ഫോൺകോൾ വന്നതിനെ തുടർന്ന് വീട്ടിനുള്ളിലേക്ക് കയറി പോയി. ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ സുരേഷിനെ വീഡിയോ കോൾ ചെയ്തുകൊണ്ടാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തി. ഫോണിലൂടെയുള്ള പ്രതിയുടെ നിരന്തര ശല്യം സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്എന്ന് മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിലെ ഒരു കുഗ്രാമത്തിൽ ഒളിവിൽ താമസിച്ചുവന്ന സുരേഷിനെ കണ്ടെത്തുകയായിരുന്നു. വിദേശത്തേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
Read also; എറണാകുളം കോതമംഗലത്ത് വാഹനാപകടം; രണ്ടുപേർ മരിച്ചു