നാട്ടുകാരെ ആശയ കുഴപ്പത്തിലാക്കി കാഞ്ഞിരപ്പള്ളിയിൽ പോലീസിന്റെ മോക്ക്. കാഞ്ഞിരപ്പള്ളിയിൽ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി എന്ന് നടത്തിയ പ്രചാരണം പോലീസിന്റെ മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു എന്നും മനസ്സിലാക്കിയത് മണിക്കൂറുകൾക്കു ശേഷമാണ്. ആറു വയസ്സുകാരനെ വെള്ളക്കാരിൽ തട്ടിക്കൊണ്ടു പോയതായി വാർത്ത പരന്നതോടെ കാഞ്ഞിരപ്പള്ളിയിൽ അരങ്ങേറിയത് ആശങ്കയുടെ നിമിഷങ്ങൾ. KL 05 രജിസ്ട്രേഷനുള്ള വെള്ള വണ്ടിയിൽ ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി എന്ന സന്ദേശം പോലീസ് കൺട്രോൾ റൂമിൽ എത്തി എന്നായിരുന്നു പ്രചാരണം. ഇതോടെ കാഞ്ഞിരപ്പള്ളിയിലെയും പൊൻകുന്നത്തെയും ഉൾപ്പെടെ പോലീസ് സംഘമാകെ നിരത്തിലിറങ്ങി അന്വേഷണം ആരംഭിച്ചു.
ദേശീയപാതയിൽ അടക്കം വാഹന പരിശോധന ശക്തമാക്കി. വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സിസിടിവികൾ അടക്കം പരിശോധിച്ചു. ഇതിനിടെ സ്കൂളിലെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും ശക്തമായതോടെ കാഞ്ഞിരപ്പള്ളിയിലെ സ്കൂളുകളിലേക്ക് ഫോൺവിളികളുടെ പ്രവാഹമായി. സംഭവം അന്വേഷിച്ച് മാധ്യമപ്രവർത്തകരോടും അന്വേഷണം നടക്കുകയാണ് എന്ന മറുപടിയാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയത്. ഈ മറുപടിയുടെ അടിസ്ഥാനത്തിൽ വാർത്തകളും വന്നതോടെ സമൂഹമാധ്യമങ്ങളിൽ അടക്കം വാർത്ത വ്യാപകമായി പ്രചരിച്ചു.
ഇതിനിടെ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കുട്ടിയുടെ ചിത്രമെന്ന പേരിലും ചില ഫോട്ടോകൾ പ്രചരിക്കാൻ തുടങ്ങി. അങ്ങനെ നാട്ടിൽ ആകെ ആശങ്കകൾ പടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോകൽ നടന്നില്ലെന്നും നടന്നത് പോലീസിന്റെ മോക്ക് ഡ്രിൽ ആണെന്നും പോലീസ് സ്ഥിരീകരിച്ചത്. പോലീസിന്റെ കാര്യക്ഷമത പരിശോധിക്കാൻ ആയിരുന്നു മോക്ക് ഡ്രിൽ നടത്തിയത് എന്നാണ് ജില്ലാ പോലീസ് മേധാവി നൽകുന്ന വിശദീകരണം.









