വ്യാജരേഖ കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീൽ നിരപരാധിയാണ് എന്ന് പൊലീസ് റിപ്പോർട്ട്. അന്വേഷണം അവസാനിപ്പിക്കുന്നതിന് അനുമതി തേടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റഫർ റിപ്പോർട്ട് സമർപ്പിച്ചു. ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചു എന്നായിരുന്നു പോലീസ് എഫ്ഐആർ. എന്നാൽ അൻസിൽ ജലീലിന് വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിപിഐഎം മുഖപത്രത്തിലെ വാർത്തയിൽ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു .
ദേശാഭിമാനിയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ എസ്.എഫ്.ഐ പ്രതിക്കൂട്ടിലായതിനു പിന്നാലെയായിരുന്നു പാർട്ടി മുഖപത്രത്തിൽ കെ.എസ്.യു നേതാവിനെതിരായ റിപ്പോർട്ട് വന്നത്. കേരള സർവകലാശാലയുടെ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചെന്നായിരുന്നു അൻസിലിനെതിരായ കേസ്.വ്യാജരേഖ ചമക്കലും വഞ്ചന കുറ്റവുമടക്കം അഞ്ചു വകുപ്പുകൾ ചേർത്താണ് അൻസിലിനെതിരെ കേസ് എടുത്തിരുന്നത്.ഏഴുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. അൻസിലിൻ്റെ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിൽ കെഎസ്‌യുവിലെ ഗ്രൂപ്പ് പോരാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് അൻസിൽ ജലീൽ നൽകിയ മൊഴി.. ആലപ്പുഴ എസ്ഡി കോളേജിൽ 2014-17 കാലത്ത് താൻ ബിഎക്കാണ് പഠിച്ചതെന്നാണ് അൻസിൽ ജലീലിന്റെ വാദം. ദേശാഭിമാനി വാർത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അൻസിൽ ജലീൽ പൊലീസിൽ പരാതി നൽകിയിരുന്നു. ദേശാഭിമാനിക്കെതിരെ വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ഏഴു ദിവസത്തിനകം നൽകണം. വ്യാജ വാർത്തയിൽ ദേശാഭിമാനി ഉപാധിരഹിത മാപ്പ് പറയണം എന്നും വക്കിൽ നോട്ടീസിലുണ്ട്.
Read Also : ഇനി പൈസ തരാതെ ഡീസലടിക്കില്ലെന്ന് പമ്പുടമകള്‍ : ഇന്ധനത്തിന് കാശില്ലാതെ പൊലീസ് വാഹനങ്ങൾ