കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് മൊബൈൽ എറിഞ്ഞുനൽകാൻ ശ്രമം; ഒരാൾ പിടിയിൽ, രണ്ടു പേർ ഓടിരക്ഷപ്പെട്ടു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ എറിഞ്ഞുനൽകാൻ ശ്രമിച്ചയാളെ പിടികൂടി പോലീസ്. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടെന്നാണ് വിവരം.
ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നൽകാനാണ് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൂന്ന് പേര്‍ ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇവരെ ഉദ്യോഗസ്ഥര്‍ കണ്ടത്. തുടർന്ന് ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇവർ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നത് ആണ് ഉദ്യോഗസ്ഥര്‍ കണ്ടത്.
പൊലീസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓടുന്നതിനിടെ അക്ഷയ് നിലത്തു വീണു. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് മൊഴി നല്‍കിയത്.
അതേസമയം ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി
കണ്ണൂർ: തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടികൂടിയത്. സംഭവത്തിൽ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
അടിപിടി കേസുകളിലെ പ്രതികളുടെ പക്കൽ നിന്നാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയത്. മൊബൈൽ ഫോൺ, എയർപോഡ്, യുഎസ്ബി കേബിൾ, സിം, തുടങ്ങിയവയാണ് പിടികൂടിയത്.
ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ജയിലിനുള്ളില്‍വെച്ച് കണ്ടെടുത്തത്. തുടർന്ന് ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്.
Summary: Police arrested a man identified as Akshay from Panangavu for attempting to throw a mobile phone into Kannur Central Jail. Two others who accompanied him managed to escape from the spot.









