ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ ‘മൻ കി ബാത്ത്’ പരിപാടി നിർത്തിവച്ചു. പരിപാടിക്ക് ഇടവേളയുണ്ടെങ്കിലും രാജ്യത്തിൻ്റെ പുരോഗതി തൽക്കാലത്തേക്ക് പോലും നിലയ്ക്കില്ലെന്നും, ‘മൻ കി ബാത്ത്’ എന്ന ഹാഷ്‌ടാഗിൽ ഇന്ത്യയുടെ നേട്ടങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. മൻ കി ബാത്തിൻ്റെ 110-ാം എപ്പിസോഡ് ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഈ വർഷത്തെ രണ്ടാമത്തെ പരിപാടിയാണ്. 22 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 29 ഭാഷാഭേദങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്ന മൻ കി ബാത്ത് ഫ്രഞ്ച്, ചൈനീസ്, അറബിക് എന്നിവയുൾപ്പെടെ 11 വിദേശ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തുന്നു.
