ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചേ മതിയാവൂ എന്ന് പറഞ്ഞ പ്രധാനമന്ത്രി പാക്കിസ്ഥാനെതിരെയുള്ള നടപടികൾ തൽകാലത്തേക്ക് മാത്രമാണ് നിർത്തിവച്ചിട്ടുള്ളതെന്നും ഓർമിപ്പിച്ചു.
ഭാവി എന്താകുമെന്നത് പാക്കിസ്ഥാന്റെ പെരുമാറ്റത്തിന് അനുസരിച്ചിരുക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. ആണവ ഭീഷണി വകവച്ചു നൽകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തിന് ഓരോ ഇന്ത്യക്കാരുടെയും പേരിൽ അഭിവാദ്യമാർപ്പിക്കുന്നു. അവരുടെ വീരത്തെയും സാഹസത്തെയും കരുത്തിനെയും ഞാൻ നമ്മുടെ രാജ്യത്തെ ഓരോ അമ്മമാർക്കും സഹോദരിമാർക്കും മകൾക്കും വേണ്ടി സമർപ്പിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ വ്യക്തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാമിലെ സംഭവത്തിനുശേഷം രാജ്യം മുഴുവൻ ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിന്നു. ഭീകരരെ മണ്ണോടുമണ്ണാക്കാൻ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നൽകി. ഞങ്ങളുടെ പെൺമക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ പ്രത്യാഘാതമെന്താണെന്ന് ഇന്ന് ഓരോ ഭീകരനും ഭീകരസംഘടനകളും മനസ്സിലാക്കിയിരിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
100 തീവ്രവാദികളെയാണ് വകവരുത്തിയത്. ആഗോള തീവ്രവാദവുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് തകർത്തത് എന്നും മോദി അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ഭാരതത്തിന്റെ നീതികൂടിയാണെന്നും ഭാരതത്തിന്റെ ഭീകരതക്കെതിരെയുള്ള നയമാണെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ സൈന്യവും സർക്കാരും ഭീകരരെ വളർത്തുകയാണ്. അത് അവരെ തന്നെ നശിപ്പിക്കും. പാക്കിസ്ഥാൻ അതിജീവിക്കണമെങ്കിൽ അവർ ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കണം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.