മുംബൈ: ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ കളിച്ചതുകൊണ്ട് രോഹിത് ശർമ ചെറുതായിപ്പോകില്ലെന്ന് മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ദു. മുംബൈ ക്യാപ്റ്റൻ സ്ഥാനത്തു പുതിയൊരാളെ അവതരിപ്പിച്ചതിനാൽ ഇനി അത് അംഗീകരിക്കുകയാണു വേണ്ടതെന്നും സിദ്ദു പറഞ്ഞു. ഐപിഎല്‍ 2024 സീസണില്‍ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിലാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ കളിക്കുന്നത്.
‘‘ക്യാപ്റ്റൻമാരായിരുന്ന അഞ്ചു പേരുണ്ടായിരുന്ന ഒരു ഇന്ത്യൻ ടീമിൽ കളിച്ച ആളാണു ഞാൻ. കപിൽ ദേവ്, ദിലീപ് വെങ്സാർക്കർ, സുനിൽ ഗാവസ്കർ, കൃഷ്ണമാചാരി ശ്രീകാന്ത്, രവി ശാസ്ത്രി എന്നിവരാണ് അവർ. ആ ടീമിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. കാരണം അവർ രാജ്യത്തിനു വേണ്ടിയായിരുന്നു കളിച്ചിരുന്നത്. അതായിരുന്നു വലിയ പ്രചോദനം.’’
‘‘ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ കളിച്ചെന്നുവച്ച് രോഹിത് ശർമ ഒരിക്കലും ചെറുതാകില്ല. ധോണി ക്യാപ്റ്റൻ സ്ഥാനം അടുത്തയാൾക്കു കൈമാറിക്കഴിഞ്ഞു. അതാണു മുംബൈ ഇന്ത്യന്‍സിലും സംഭവിച്ചത്. മൂന്നു വർഷത്തിലേറെ സമയം അവർ നൽകി. എന്നാൽ വീണ്ടുമൊരു കപ്പ് ലഭിച്ചില്ല. അതുകൊണ്ട് അവർ പുതിയ ആളെ നോക്കി. അത് സ്വീകരിച്ചേ തീരൂ.’’– സിദ്ദു വ്യക്തമാക്കി.
എം.എസ്. ധോണിയും രോഹിത് ശർമയും വലിയ താരങ്ങൾ തന്നെയാണെന്നും നവ്ജ്യോത് സിങ് സിദ്ദു പറഞ്ഞു. രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നീക്കിയതിൽ ആരാധകരുടെ പ്രതിഷേധം ഇനിയും മാറിയിട്ടില്ല.
Read Also: ഇനി കളി വമ്പന്മാരോട്; ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നവംബറില്‍, ആകെ അഞ്ച് ടെസ്റ്റുകള്‍