കോട്ടയം: പിറവത്ത് പിടിയും കോഴിക്കറിയും തയ്യാറാക്കിയതിനെ വിമര്‍ശിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ്ജ്. എന്നാൽ രാവിലെ എട്ടരയാകുമ്പോള്‍ തന്നെ പിടിയും ഇറച്ചിയും വിളമ്പാനാണ് ജനകീയ സമിതി നേതാക്കളുടെ തീരുമാനം. പരിപാടിക്ക് നേതൃത്വം നൽകുന്നത് എൽഡിഎഫിൽ തന്നയുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവും പിറവം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജിൽസ് പെരിയപുറമാണ്. കഴിഞ്ഞ അഞ്ച് വർഷം തോമസ് ചാഴിക്കാടൻ തികഞ്ഞ പരാജയമാണെന്നാണ് ജിൽസ് പെരിയപുറത്തിന്‍റെ അഭിപ്രായം. ഇത്തരമൊരു ആഘോഷത്തിന് നേതൃത്വം നൽകിയാൽ മുന്നണിയിൽ പ്രശ്നമാവില്ലേയെന്ന് ചോദിച്ചപ്പോള്‍ നാടിന്‍റെ വികസനമാണ് പ്രധാനമെന്നാണ് മറുപടി.
താൻ ആരോടും പിടിയും കോഴിക്കറിയും തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും അത്രയും ആവേശം വേണ്ട എന്നും ആണ് ഫ്രാൻസിസ് ജോര്‍ജ്ജ് പറയുന്നത്. എന്നാൽ പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം മാറിക്കൊണ്ടിരിക്കും. കേരളാ കോൺഗ്രസ് എം മുന്നണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ പാര്‍ട്ടി നേതൃത്വം നിലപാട് പറയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കും. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. എക്സിറ്റ് പോൾ ഫലങ്ങൾ 100 ശതമാനം ശരിയല്ല. ഇന്ത്യ മുന്നണിയുടെ കേരളത്തിലെ പ്രതിരൂപം യുഡിഎഫാണ്. രാഹുൽ ഗാന്ധി വന്നതിൻ്റെ ഗുണം യുഡിഎഫിനാണ് ഉണ്ടാവുകയെന്നും ഫ്രാൻസിസ് ജോര്‍ജ്ജ് വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുകാർ നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലമാണ് കോട്ടയം. തുഷാർ വെള്ളാപ്പള്ളി (ബിജെപി), തോമസ് ചാഴിക്കാടൻ (കേരളാ കോൺഗ്രസ് എം), കെ ഫ്രാൻസിസ് ജോർജ്ജ് (കേരളാ കോൺഗ്രസ് ജെ ). വോട്ടർമാർ ഏത് കേരളാ കോൺഗ്രസിനൊപ്പമെന്ന കാര്യം നാളെയറിയാം. എന്നാൽ ജനവിധി ഫ്രാൻസിസ് ജോർജിനു അനുകൂലമെന്ന വിശ്വാസത്തിലാണ് പിറവത്തെ ജനകീയ സമിതി. ഇതിനു മുന്നോടിയായാണ് നാട്ടുകാർക്ക് പിടിയും പോത്തും വിളമ്പുന്നത്. അത്രയ്ക്കുണ്ട് തോമസ് ചാഴിക്കാടനെതിരായ ജനവികാരമെന്നാണ് ജനകീയ സമിതി പറയുന്നത്. കഴിഞ്ഞ തവണ ജയിച്ചിട്ട് നന്ദി പോലും പറയാൻ ഈ വഴി വന്നില്ല എന്നാണ് നാട്ടുകാരുടെ പരിഭവം.