തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാർ പ്രചാരണ പരിപാടികൾക്കായി ഉദ്യോഗസ്ഥരെ രംഗത്ത് ഇറക്കി സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള പരിപാടിയ്ക്ക് ഇട്ടിരിക്കുന്ന പേര് ‘നവകേരള സദസ് ‘. അതേ ലക്ഷ്യത്തോടെ മോദി സർക്കാർ തയ്യാറാക്കിയ പരിപാടിയുടെ പേര് വികസിത ഭാരത് സങ്കല്പയാത്ര. നവകേരള സദസിന് പണം കണ്ടെത്താനുള്ള ചുമതല ഉദ്യോഗസ്ഥർക്ക് നിശ്ചയിച്ച് കഴിഞ്ഞ മാസം 17ന് പൊതുഭരണവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. പരിപാടിയ്ക്കുള്ള സ്പോൺസർമാരെ ഉദ്യോഗസ്ഥർ കണ്ടെത്തണം.എത്ര തുക കണ്ടെത്തണം, ഏതെല്ലാം ചിലവിലേക്കായി പിരിക്കണം , ആരുടെയൊക്കെ സ്പോൺസർഷിപ്പ് സ്വീകരിക്കണം തുടങ്ങി കാര്യങ്ങളിൽ ഉത്തരവ് യാതൊരു നിബന്ധനയും പറയുന്നില്ല. ആർഭാടം കുറയ്ക്കാതെ വേണം പരിപാടി നടത്താൻ. അബ്കാരി, ക്വാറി മുതലാളിമാരെ സ്വാധീനിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ വഴിയായിരിക്കും പിരിവ്. സബ് കളക്ടർമാർക്കായിരിക്കും മേൽനോട്ടം. ഇവർ പിരിച്ചെടുക്കുന്ന പണം അതാത് ഇടങ്ങളിളെ സംഘാടക സമിതി നിശ്ചയിക്കുന്ന പൗരപ്രമുഖന് കൈമാറണം. ഇതേ രീതി തന്നെയാണ് കേന്ദ്രസർക്കാരിൻ്റെ വിക്സിത് ഭാരത് സങ്കല്പയാത്രയും.പക്ഷെ കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ പൈസ പിരിവിന്റെ ചുമതല ഉദ്യോഗസ്ഥർക്ക് ഇല്ല. ആദായനികുതി, കസ്റ്റംസ്, സെൻട്രൽ എക്സൈസ് തുടങ്ങി പത്തിലേറെ വകുപ്പുകളിലെ ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ‘ജില്ലാ രഥ് പ്രഭാരികൾ’ എന്ന് പേരിട്ടാണ് കേന്ദ്രം രംഗത്തിറക്കുന്നത്. യാത്രയുടെ തയാറെടുപ്പ്, ആസൂത്രണം, നടത്തിപ്പ്, അവലോകനം എന്നീ ചുമതലകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്.
അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇരു സർക്കാരുകളും പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. നവംബര്‍ 20 മുതല്‍ അടുത്ത വർഷം ജനുവരി 25 വരെയാണ് മോദി സർക്കാരിന്റെ വിക്‌സിത് ഭാരത് സങ്കല്പ് യാത്ര. അതേ സമയം പിണറായി സർക്കാരിന്റെ നവകേരള സദസ് നവംബർ 18ന് ആരംഭിച്ച് ഡിസംബർ 24 വരെ നീളും.
കേരളത്തിൻ്റെ പരിപാടിയിൽ വേദി, സദസ്, കസേര, വെളിച്ച, ശബ്ദ സംവിധാനങ്ങൾ, അനുബന്ധ പരിപാടികൾ എന്നിങ്ങനെയുള്ള ചിലവുകൾക്കാണ് സ്പോൺസർമാരെ കണ്ടെത്തണമെന്ന് പറയുന്നത്.സർക്കാരിന് ഒരു പൈസയുടെയും ചിലവ് ഉണ്ടാകുന്നില്ല. ഇങ്ങനെയൊരു സർക്കാർ പരിപാടിയുടെ സംഘാടനം ഇതാദ്യമാകും എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.കേന്ദ്ര സർക്കാർ പദ്ധതിക്കെതിരെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരടക്കമുള്ളവർ രംഗത്ത് എത്തി കഴിഞ്ഞു.