ഭോപ്പാൽ: ഇൻഡോർ സ്വദേശിയായ ശ്രീറാം ഗുപ്തയുടെ ഫോണിലേക്കാണ് ആ കോൾ എത്തിയത്. ഇയാളുടെ മകൻ സതീഷ് ഗുപ്തയെ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്നും, വിട്ടുകിട്ടണമെങ്കിൽ ഒരു ലക്ഷം രൂപ നല്കണമെന്നുമായിരുന്നു കോളിന്റെ ഉള്ളടക്കം. വിവരം കേട്ട ഉടൻ തന്നെ ശ്രീറാം പോലീസിൽ വിവരം അറിയിച്ചു.
പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണിലേക്ക് വന്ന കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരുഷ് അറോറ, തേജ്വീർ സിങ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തട്ടിക്കൊണ്ടു പോയെന്ന് ആരോപിക്കപ്പെട്ട 24കാരനായ സതീഷ് ഗുപ്തയുടെ സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇവരെ പിടികൂടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സതീഷ് ഗുപ്ത തന്നെയാണ് എല്ലാത്തിനും പിന്നിലെന്ന് പോലീസിന് വ്യക്തമായത്.
തന്റെ പിതാവിന്റെ കൈയിൽ നിന്നും പണം കൈക്കലാക്കുന്നതിനായി മകൻ തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഇത്.
കാണാതായെന്ന് സംശയിച്ച യുവാവിന് വലിയ കട ബാധ്യത ഉണ്ടായിരുന്നെന്നും, അത് തീർക്കുന്നതിനായാണ് ഇത്തരത്തിലൊരു പ്രവർത്തി ചെയ്തതെന്നുമായിരുന്നു പിടിയിലായവരുടെ മൊഴി.
പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഐപിഎൽ ഓൺലൈൻ വാതുവെപ്പിൽ ഏർപ്പെട്ടാണ് പണം കളഞ്ഞതെന്ന് വ്യക്തമായത്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കേസുമായി ബന്ധപ്പെട്ട് യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.