കൊച്ചി: സാമൂഹിക ക്ഷേമം മുൻനിർത്തി കൊണ്ടുവരുന്ന നിയമ വ്യവസ്ഥകൾക്ക് മുൻകാല പ്രാബല്യം നൽകി പരിഗണിക്കാവുന്നതാെണന്ന് ഹൈകോടതി. തനിക്കെതിരായ ആത്മഹത്യശ്രമക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. സുധയുടെ നിരീക്ഷണം.
മുമ്പ് എല്ലാ ആത്മഹത്യ ശ്രമങ്ങളും കുറ്റകരമായി കണക്കാക്കിയിരുന്നെങ്കിലും മാനസിക സമ്മർദത്തിനടിപ്പെട്ടാണ് ആത്മഹത്യ ശ്രമമെന്ന് തെളിഞ്ഞാൽ കേസെടുക്കരുതെന്ന് 2017ലെ മാനസികാരോഗ്യ നിയമത്തിലെ 15ാം വകുപ്പിൽ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാനസിക വിഷമമുള്ളവരെ സമൂഹത്തോട് ചേർത്തുനിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് നിയമമെന്നതിനാൽ മുൻകാല പ്രാബല്യം നൽകാമെന്ന് സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് വ്യക്തമാക്കിയ കോടതി ഹരജിക്കാരിക്കെതിരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികൾ റദ്ദാക്കി.
ഹരജിക്കാരിക്കെതിരെ 2016ലാണ് ആത്മഹത്യശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പുകാലത്ത് പ്രചരിച്ച ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് കടുത്ത സമ്മർദത്തിലായതിനെ തുടർന്നാണ് താൻ ജീവനൊടുക്കാൻ ശ്രമിച്ചതെന്നും നിലവിലെ നിയമപ്രകാരം തനിക്കെതിരെ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം.
Petition to decriminalize attempted suicide: High Court can apply laws retroactively for social welfare.