കൊച്ചി: സോഷ്യൽ മീഡിയയിൽ റീൽസിലൂടെ ആരാധകരെ സൃഷ്ടിച്ച് ഇൻഫ്ലുവൻസറായി മാറിയ പെരുമ്പാവൂർ അനസ് ഇപ്പോഴുള്ളത് ദുബായിലാണ്. കള്ള പാസ്പോർട്ടിൽ നാടുവിട്ട വിവരം മാർച്ച് മാസത്തിലാണ് പുറത്തുവന്നത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴി വിദേശത്തേക്ക് കടക്കുകയായിരുന്നു. കൊലക്കുറ്റം, വധശ്രമം, ക്വട്ടേഷന്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അനസ്. ഇയാൾക്കെതിരെ രണ്ട് വട്ടം കാപ്പ ചുമത്തിയിട്ടുമുണ്ട്. ക്രിമിനലാണെങ്കിലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ള പോസ്റ്റുകളിലൂടെ ഇയാൾ ചിലർക്കിടയിൽ ഒരു ഹീറോ പരിവേഷം സൃഷ്ടിച്ചിരുന്നു.
പെരുമ്പാവൂർ അനസിന്റെ സംഘത്തെ ലക്ഷ്യമിട്ട് ഭീകര വിരുദ്ധ സ്‌ക്വാഡും പൊലീസും നടത്തുന്ന പരിശോധന ഇന്നും തുടരുമെന്നാണ് വിവരം. ഇന്നലെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. അനസിന്റെ അടുത്ത കൂട്ടാളിയാണ് തോക്കുകളുമായി പിടിയിലായ റിയാസ്. കൂട്ടാളികൾ പലരും ഒളിവിൽ പോയതായാണ് വിവരം.അനസിന്റെ സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഔറംഗസേബ് എന്നയാൾ അടുത്തിടെ അനസിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അനസ് ഇപ്പോൾ ദുബായി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്നാണ് വിവരം. ഇയാൾ ദുബായിൽ സൂപ്പർ മാർക്കെറ്റ് തുടങ്ങിയെന്ന വിവരവും പുറത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ചെറുപ്പക്കാർ അടക്കം നിരവധി ആരാധകരുമുണ്ട് അനസിന്.
അതെസമയം അനസിന്റെ കൂട്ടാളികളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഭീകരവിരുദ്ധ സ്ക്വാഡ് തോക്കുകളും പണവും പിടികൂടിയിരുന്നു. പിടികൂടിയ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയവീട്ടിൽ റിയാസിന്റെ വീട്ടിൽ നിന്നാണ് രണ്ട് റിവോൾവറും രണ്ട് എയർ പിസ്റ്റളും പിടികൂടിയത്. ആലുവ വെസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെരുമ്പാവൂർ അനസിന്റെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീടുകളിലാണ് ഇന്നലെ വ്യാപക റെയ്ഡ് നടത്തിയത്. മാഞ്ഞാലിയിലെ റിയാസിന്റെ വീട്ടിൽ നടത്തിയ റെയിഡിൽ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. റിയാസും പിടിയിലായി. അനസിന്റെ മറ്റൊരു കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കൽ സ്വദേശി അല്‍ത്താഫിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ റിവോൾവർ സൂക്ഷിക്കുന്നതിനുള്ള ഉറയും കൈവിലങ്ങുകളും എയര്‍ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തി.
അനസുമായി ബന്ധമുള്ള ഒരാൾ താമസിച്ചിരുന്ന തമിഴ്നാട് ആനമലയിലെ വീട്ടിലും ഗുരുവായൂരിലെ ഫ്ലാറ്റിലും റെയ്ഡ് നടത്തി. ഒരു വടിവാൾ കണ്ടെത്തി. മറ്റൊരു കൂട്ടാളി മഞ്ചേരി സ്വദേശി നിസാറിന്റെ വീട്ടിലും ഇയാൾ ജോലി ചെയ്തിരുന്ന രാജാക്കാടുള്ള വീട്ടിലും റെയ്ഡ് നടത്തി. തമിഴ് നാട് മേട്ടുപാളയത്തെ മറ്റൊരു വീട്ടിലും റെയ്ഡ് നടന്നു. കൽപ്പറ്റയിലെ ഒരു റിസോർട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തി.
പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാളുടെ വീട്ടിലും ഒരേ സമയം റെയ്ഡ് നടന്നു. റിയാസിന്റെ വീട്ടിലെ റെയ്ഡ് വിവരം പുറത്ത് പോയതോടെ മറ്റ് പ്രതികൾ ഒളിവിൽ പോയതായാണ് സൂചന. ആലുവ മാവിൻചുവട് മുബാറക്ക് വധകേസിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് റിയാസ്. റെന്റ് എ കാർ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം.