ഇഷ്ടപ്പെട്ട യുവതിയുടെ വീട്ടുകാരുടെ വിശ്വാസം നേടാൻ സിനിമാ സ്റ്റൈൽ അപകടം; യുവാക്കൾ ഒടുവിൽ കുടുങ്ങി
പത്തനംതിട്ട ∙ ഇഷ്ടപ്പെട്ട യുവതിയുടെ വീട്ടുകാരുടെ വിശ്വാസം നേടാനായി ആസൂത്രിതമായി വാഹനാപകടം സൃഷ്ടിച്ച സംഭവത്തിൽ, അപകടത്തിന് കാരണമായ യുവാവിനെയും രക്ഷകനായി അഭിനയിച്ച സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇടിച്ച ശേഷം നിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകീയ രക്ഷാപ്രവർത്തനത്തിന്റെ ചുരുളഴിഞ്ഞത്. ഇതോടെ സാധാരണ വാഹനാപകടക്കേസ് നരഹത്യാശ്രമ കേസായി മാറുകയും ചെയ്തു.
കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജൻ (24) ആണ് ഒന്നാം പ്രതി. കോന്നി പയ്യനാമൺ സ്വദേശി അജാസ് (19) രണ്ടാം പ്രതിയാണ്.
ഡിസംബർ 23ന് വൈകിട്ട് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റിൽ അജാസ് കാറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തി, തുടർന്ന് വാഹനം നിർത്താതെ കടന്നുകളയുകയായിരുന്നു.
അപകടത്തിന് തൊട്ടുപിന്നാലെ മറ്റൊരു കാറിൽ സ്ഥലത്തെത്തിയ രഞ്ജിത്, രക്ഷാപ്രവർത്തനം ഏറ്റെടുത്ത് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് താൻ യുവതിയുടെ ഭർത്താവാണെന്നു പറഞ്ഞതായും പൊലീസ് കണ്ടെത്തി.
അപകടം നടന്ന ഉടൻ തന്നെ രഞ്ജിത് സ്ഥലത്തെത്തിയതിൽ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കാർ ഓടിച്ചയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെയാണ് ഇരുവരുടെയും ഗൂഢാലോചന പുറത്തായത്.
അപകടത്തിൽ യുവതിയുടെ വലതുകൈക്കുഴ തെറ്റുകയും ചെറുവിരലിന് പൊട്ടലുണ്ടാകുകയും ചെയ്തു.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷിജു പി. സാം ആണ് കേസന്വേഷണം നടത്തുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary
In a shocking incident from Pathanamthitta, two youths were arrested for staging a road accident to gain the trust of a woman’s family. One accused deliberately hit the woman with a car, while the other arrived moments later pretending to be her husband and acted as a rescuer. Police grew suspicious due to the timely arrival and later uncovered the conspiracy through phone records. The case has now been registered as attempted murder.
pathanamthitta-staged-accident-love-plot-arrest
Pathanamthitta, Fake Accident, Love Trap, Attempted Murder, Kerala Police, Crime News, Youth Arrested, Kerala News









