റാണിപേട്ട്: തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റി. റാണിപേട്ട് ജില്ലയിലെ ചിറ്റേരി റെയിൽവേ സ്റ്റേഷന് സമീപത്ത് ആണ് സംഭവം. ആരക്കോണം – കാട്പാടി മെമു പാസഞ്ചർ ട്രെയിൻ (നമ്പർ 66057) ആണ് പാളംതെറ്റിയത്.
അപകടത്തിൽ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചിറ്റേരി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ട്രെയിൻ പാളം തെറ്റിയത്.
ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുന്നതിന് മുമ്പായി വലിയ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പ്രതികരിച്ചു.
പാളം തെറ്റിയ സ്ഥലത്തായി റെയിൽവേ ട്രാക്കിന്റെ ഒരു ഭാഗം വലിയ രീതിയിൽ തകർന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആളപായം ഉണ്ടായിട്ടില്ലെന്നും മറ്റ് വിവരങ്ങൾ റെയിൽവേ അധികൃതർ പങ്കുവയ്‌ക്കുമെന്നുമാണ് സ്ഥലത്തുണ്ടായിരുന്ന ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്.
എന്നാൽ പാളം തെറ്റാനുണ്ടായ കാരണം, മറ്റ് ട്രെയിൻ സർവീസുകൾ തടസപ്പെട്ടോ, ഗതാഗതം പുനഃസ്ഥാപിക്കാൻ എത്ര സമയമെടുക്കും തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രസ്‌താവന ഒന്നും റെയിൽവേ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
നിലവിൽ മേഖലയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ജീവനക്കാരുൾപ്പെടെയുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
നേരത്തെ 2011ൽ ഇതേ സ്ഥലത്ത് വലിയൊരു ട്രെയിൻ അപകടം ഉണ്ടായിട്ടുണ്ട്. രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 11പേരാണ് അന്ന് മരിച്ചത്. 70ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Summary: A passenger train derailed near Chitteri railway station in Tamil Nadu’s Ranipet district. The Arakkonam–Katpadi MEMU passenger train (No. 66057) went off track. No casualties have been reported so far.