കൊച്ചി: പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം സ്വദേശി പ്രവീണ്‍, പെണ്‍സുഹൃത്ത് റെസ്ലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രവീണ്‍ വഴിയാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും പ്രതികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇരുവരും വിവിധ ലഹരിക്കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ എറണാകുളം നോര്‍ത്തിലും സെന്‍ട്രല്‍ സ്‌റ്റേഷനിലും ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.15 ഓടെയാണ് സംഭവം. പൊലീസിന് നേരെ കത്തി കാണിച്ച് ഭീഷണി മുഴക്കിയതോടെ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ പ്രകോപിതയായ യുവതി പൊലീസ് ജീപ്പിന്റെ ചില്ല് കല്ലെടുത്തെറിഞ്ഞ് തകര്‍ത്തു. തുടർന്ന് കൈയില്‍ കരുതിയിരുന്ന ലഹരിയെന്ന് കരുതുന്ന വസ്തു എടുത്ത് അത് താന്‍ കഴിക്കാന്‍ പോകുകയാണെന്ന് പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വനിതാ പൊലീസ് സ്ഥലത്തെത്തി റെസ്ലിയേയും കസ്റ്റഡിയിലെടുത്തത്.