പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ റിപ്പോര്‍ട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാലക്കാട് ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് നൽകാൻ നിർദേശിച്ചത്. റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, എന്താണ് സംഭവിച്ചത് എന്നതടക്കം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.(Palakkad Raid; Central Election Commission seeks report)
സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു.
ഹോട്ടലിലേക്ക് അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും. സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് നിയമം അനുശാസിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.