തിരുവനന്തപുരം: കള്ളപ്പണം പരിശോധിക്കാനെന്ന പേരിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പൊലീസ് നടത്തിയ റെയ്ഡ് നിയമപരമല്ലെന്നു പാലക്കാട് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയതായി സൂചന.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാനത്തെ പ്രതിനിധിയായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) അടിയന്തരമായി വിവരം തേടിയ സാഹചര്യത്തിലാണ് ഇത്. എന്നാൽ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന നിലപാടിലാണ് കലക്ടർ ഡോ.എസ്.ചിത്ര.
തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ റെയ്ഡിനെ കുറിച്ച് അന്തിമഘട്ടത്തിലാണ് അറിഞ്ഞത്. നടപടികളിൽ വീഴ്ച വന്നെന്നും കള്ളപ്പണ ആരോപണത്തിൽ വ്യക്തതയില്ലെന്നും വിശദമായി അന്വേഷിച്ചാൽ മാത്രമേ വിവരങ്ങൾ ലഭ്യമാകൂ എന്നും റിപ്പോർട്ടിൽ ഉള്ളതായി അറിയുന്നു. പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയതിനാൽ അതു കൂടി കണക്കിലെടുത്താവും തുടർനടപടി.
കള്ളപ്പണ ആരോപണത്തിൽ അന്വേഷണം മുന്നോട്ടു പോകാൻ വകുപ്പില്ലെന്ന നിലപാടിലാണു പൊലീസ്. തൊണ്ടിമുതൽ കണ്ടെത്താൻ കഴിയാത്തതിനാൽ കേസുമില്ല. എന്നാൽ കോൺഗ്രസുകാർക്കെതിരെ കേസെടുക്കാൻ സർക്കാരിലെ ഉന്നതർ പൊലീസിനു മേൽ സമ്മർദം ചെലുത്തുന്നതായാണു സൂചന.
കള്ളപ്പണം എന്ന തൊണ്ടിമുതൽ കണ്ടെത്താൻ കഴിയാത്തതിനാൽ ഇനി ഏതു വകുപ്പു പ്രകാരം കേസ് എടുക്കുമെന്നാണു പൊലീസ് ഉന്നതർ ചോദിക്കുന്നത്. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നു കോൺഗ്രസ് വനിതാ നേതാക്കൾക്കു സേർച് ലിസ്റ്റ് സഹിതം പൊലീസ് എഴുതിക്കൊടുത്തിരുന്നു.
വനിതകൾ ഒറ്റയ്ക്കു താമസിക്കുന്ന മുറിയിൽ അർധരാത്രി പുരുഷ പൊലീസുകാർ മാത്രം പരിശോധന നടത്താനെത്തിയത് തിരിച്ചടിയാകുമെന്നും കോൺഗ്രസ് വനിതാ നേതാക്കൾ കേസിനു പോയാൽ കുഴങ്ങുമെന്നും പൊലീസിന് ആശങ്കയുണ്ട്.
പാലക്കാട്ടെ ഉദ്യോഗസ്ഥരാകെ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയന്ത്രണത്തിലായിട്ടും ജില്ലാ കലക്ടർ പോലും വിവരം അറിഞ്ഞതു റെയ്ഡ് തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞാണ്. തിരഞ്ഞെടുപ്പു ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നുവെന്നും അവർ എത്താൻ ഒരു മണിക്കൂർ വൈകിയെന്നുമാണു റെയ്ഡിനു പോയവർ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ അട്ടിമറിച്ച് പാലക്കാട്ട് സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്നും ഇതിനെതിരെ അന്വേഷണവും നടപടിയും വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.
തിരച്ചിൽ നടത്തുന്നതിനുള്ള ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല. രാത്രി 12ന് പൊലീസ് പരിശോധന തുടങ്ങി. പുലർച്ചെ 2.30 ആയപ്പോൾ മാത്രമാണ് എഡിഎമ്മും ആർഡിഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം അറിഞ്ഞില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന ഷാഫി പറമ്പിൽ എംപിയോട് ഈ ഉദ്യോഗസ്ഥർ പറഞ്ഞതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.