സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട് പോസ്റ്ററുകൾ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
“സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്” എന്ന ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് ഡിസിസി ഓഫീസ് പരിസരത്ത് പതിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് എ. തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കൾ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതുസംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിക്കു നേതൃത്വം വിവരം കൈമാറിയിരുന്നു. ഈ നീക്കങ്ങൾക്ക് പിന്നാലെയാണ് തങ്കപ്പനെതിരെ പോസ്റ്റർ പ്രതിഷേധം ശക്തമായത്.
പാർട്ടി ഓഫീസ് നിർമാണത്തിനായി വാങ്ങിയ ഭൂമി മറിച്ച് വിറ്റുവെന്ന ആരോപണവും ഉന്നയിച്ചുകൊണ്ട് തങ്കപ്പനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു പോസ്റ്ററും പതിച്ചിട്ടുണ്ട്.
സാധാരണ വെള്ളക്കടലാസിൽ പേന ഉപയോഗിച്ച് എഴുതിയ പോസ്റ്ററുകളാണ് സ്ഥലത്ത് കാണപ്പെടുന്നത്.
പാലക്കാട് മണ്ഡലത്തിൽ തങ്കപ്പന്റെ സ്ഥാനാർത്ഥിത്വം പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ, അദ്ദേഹത്തെ ലക്ഷ്യമാക്കി സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണവും ശക്തമാകുന്നതായി റിപ്പോർട്ടുകളുണ്ട്.
English Summary
Posters opposing Palakkad DCC president A. Thankappan have surfaced near the party office after reports that he may be fielded as a Congress candidate in the Palakkad Assembly constituency. The posters question his electoral credibility and raise allegations regarding the sale of land purchased for a party office. Reports also indicate increased cyber attacks against him following the speculation.
palakkad-congress-poster-controversy-against-a-thankappan
Palakkad Congress, A Thankappan, Kerala politics, Congress internal conflict, election controversy, poster protest









