ഇസ്ലാമാബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും (എസിസി) ഇന്ത്യയുടെ അംഗീകരിച്ചതോടെ ഇനി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ശ്രദ്ധാകേന്ദ്രം. ലോകകപ്പിനുള്ള മത്സക്രമം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കരട് മത്സരക്രമം ബിസിസിഐ ഐസിസിക്ക് കൈമാറിയിരുന്നു. ഇതുപ്രകാരം ഒക്ടോബര്‍ 5ന് ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയുമായാണ്.
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം 15ന് അഹമ്മദാബാദില്‍ നടക്കും. ഏഷ്യാകപ്പിനുള്ള ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചതോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിക്കില്ലെന്ന നിലപാട് പാക്കിസ്ഥാന്‍ മയപ്പെടുത്തിയെന്നായിരുന്നു സൂചനയെങ്കിലും ഇതു സംബന്ധിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. മോദി സ്റ്റേഡിയത്തില്‍ കളിക്കേണ്ടെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക്ക് താരമായ ഷാഹിദ് അഫ്രീദി.
പാക്കിസ്ഥാന്‍ ടീമിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് പിസിബിയോട് അഫ്രീദി അഭ്യര്‍ഥിച്ചു. അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരെ വിജയിക്കാന്‍ പാക്കിസ്ഥാന് അവസരമൊരുക്കണമെന്നാണ് ഒരു പ്രാദേശിക വാര്‍ത്താ ചാനലില്‍ അഫ്രീദി പറഞ്ഞത്. ”എന്തുകൊണ്ടാണ് അഹമ്മദാബാദിലെ പിച്ചില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ വിസമ്മതിക്കുന്നത്? അവിടെ എന്താ പ്രേതബാധയുണ്ടോ?”- അഫ്രീദി ചോദിച്ചു.
”പോയി കളിക്കൂ- പോയി കളിക്കൂ, ജയിക്കൂ. ഇതൊക്കെയാണ് വെല്ലുവിളികളെങ്കില്‍, അവയെ മറികടക്കാനുള്ള ഏക മാര്‍ഗം വിജയമാണ്. പാക്കിസ്ഥാന്‍ ടീമിന്റെ വിജയമാണ് പ്രധാനം. ഇതു പോസിറ്റീവായി എടുക്കുക. ഇന്ത്യയ്ക്ക് അവിടെയാണ് സൗകര്യമെങ്കില്‍ നിങ്ങള്‍ പോയി, തിങ്ങിനിറഞ്ഞ ഇന്ത്യന്‍ കാണികളുടെ മുന്നില്‍ ഒരു വിജയം നേടുകയും നിങ്ങള്‍ക്ക് എന്താണ് ലഭിച്ചതെന്ന് അവരെ കാണിക്കുകയും വേണം.”- താരം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് അനുസരിച്ച്, ഐസിസി ഉദ്യോഗസ്ഥര്‍ പിസിബി ചെയര്‍മാന്‍ നജാം സേഥിയെ പാക്കിസ്ഥാനിലെത്തി കണ്ടിരുന്നു. നോക്കൗട്ട് മത്സരമല്ലെങ്കില്‍ അഹമ്മദാബാദില്‍ ലോകകപ്പ് മത്സരം കളിക്കില്ലെന്ന് അദ്ദേഹം അറിയിച്ചെന്നാണ് സൂചന. ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്കു വിടില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇതോടെ ഹൈബ്രിഡ് മോഡല്‍ നടത്താന്‍ ഐസിസി നിര്‍ബന്ധിതരായത്. ഇന്ത്യയുടേത് ഉള്‍പ്പെടെ ഒന്‍പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നാല് മത്സരങ്ങള്‍ പാക്കിസ്ഥാനിലുമാണ് നടക്കുക. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യകപ്പ്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ ടീമുകള്‍ പങ്കെടുക്കും.