ന്യൂഡൽഹി: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ വ്യോമാതിർത്ത് തുറന്ന് പാകിസ്താൻ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതോടെയാണ് പാകിസ്താൻ അടിയന്തരമായി വ്യോമമേഖല അടച്ചിട്ടത്. മറുപടിയായി ഇന്ത്യയും വ്യോമാതിർത്തി അടച്ചിരുന്നു.
അതേസമയം കടലിലും ആകാശത്തും കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയായിട്ടുണ്ട്. സൈന്യത്തിനോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി.
തീവ്രവാദത്തിനെതിരായി ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും ഇനിയങ്ങോട്ടും അതിൽ മാറ്റമുണ്ടാവില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
‘അതിർത്തിയിൽ വെടിനിർത്തുന്നതും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും ഇന്ന് ഒരു ധാരണയിലെത്തി. തീവ്രവാദത്തിനെതിരായി ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളത്. അത് ഇനിയും തുടരും,’ ജയ്ശങ്കർ ട്വീറ്റിൽ വ്യക്തമാക്കി.
അതേസമയം പാകിസ്ഥാന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കശ്മിർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപയാണ് സഹായധനമായി നൽകുന്നത്.
രണ്ട് പ്രദേശവാസികളും ഒരു സർക്കാർ ഉദ്യോഗസ്ഥനും പാക്കിസ്ഥാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരത്തെതന്നെ സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിന് എത്തിയ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരിയിൽ വെച്ചാണ് അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പയും മറ്റ് രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.