ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ സന്ദർശിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാളെയാണ് രാഹുൽ കാശ്മീരിലെത്തുക. അനന്ത്നഗറിലെത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കും.
അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം അവസാനിച്ചു. ഏപ്രിൽ 20ന് മുൻപ് ബൈസരൻ താഴ്വര തുറന്നത് സുരക്ഷാസേനയുടെ അറിവോടെ അല്ല എന്ന് കേന്ദ്രം യോഗത്തിൽ അറിയിച്ചതായി ഹാരിസ് ബീരാൻ എംപി വ്യക്തമാക്കി.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ല, വാഗാ അതിർത്തി അടക്കും, ഷിംല കരാർ മരവിപ്പിക്കും ഇന്ത്യയുമായുള്ള വ്യാപാരങ്ങൾ നിർത്തി വെയ്ക്കും തുടങ്ങിയ നടപടികൾ ഇന്ന് പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്താൻ റദ്ദാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി കുറച്ചു. സിന്ധു നദീജല കരാർ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്താൻ അറിയിച്ചു.