ന്യൂഡല്‍ഹി: ലെബനനിൽ ചൊവ്വാഴ്ചയുണ്ടായ പേജർ സ്‌ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിൻസൻ ജോസിന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡിനു സ്ഫോടനങ്ങളിൽ പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി.pager bomb; Bulgarian investigative agency says Rinson Jose’s Norta Global Ltd. was not involved in the blasts
കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ നിയമം പാലിച്ചുള്ള പണമിടപാട് മാത്രമാണ് റിന്‍സന്‍റെ കമ്പനി നടത്തിയിട്ടുള്ളുവെന്നും ബള്‍ഗേറിയൻ അന്വേഷണ ഏജന്‍സി അറിയിച്ചു.
ലെബനൻ ആക്രമണത്തിൽ ഉപയോഗിച്ച പേജറുകളൊന്നും നോർട്ടയോ മറ്റു കമ്പനികളോ ബൾഗേറിയയിലേക്ക് ഇറക്കുമതി ചെയ്യുകയോ അവിടെനിന്നു കയറ്റുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ബൾഗേറിയയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയായ ഡിഎഎൻഎസ് പറഞ്ഞു.
അതേസമയം, റിൻസൻ ജോസ് ചതിക്കപ്പെട്ടതാവാമെന്നും തെറ്റു ചെയ്യില്ലെന്നാണ് വിശ്വാസമെന്നും അമ്മാവൻ തങ്കച്ചൻ പ്രതികരിച്ചു. കഴിഞ്ഞ നവംബറിൽ നാട്ടിൽ വന്ന റിൻസൺ ജനുവരിയിലാണ് തിരിച്ചുപോയത്. മൂന്നു ദിവസം മുൻപ് വിളിച്ചിരുന്നു. എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. സ്വന്തമായി കമ്പനി ഉള്ള കാര്യവും അറിയില്ല. റിൻസൻ തെറ്റുചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.