കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പി പി ദിവ്യ. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും ദിവ്യ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കും. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി പി ദിവ്യ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. (P P divya on naveen babu’s death after her resignation)
താന്‍ നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമായിരുന്നെന്ന് ദിവ്യ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിലാണ് ആ സ്ഥാനത്തുനിന്ന് മാറുന്നതെന്നും ദിവ്യ വ്യക്തമാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്നാണ് കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.
കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തിയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് നവീൻ ബാബുവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.