തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്കേർപ്പെടുത്തിയ ഉത്തരവ് റദ്ദാക്കി. ഐഎംഎയും കെജിഎംഒഎയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവാദ സർക്കുലർ പിൻവലിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന 13-ാം തീയതിയാണ് ആരോഗ്യപ്രവർത്തകർക്ക് സാമൂഹമാദ്ധ്യമങ്ങളിൽ വിലക്കേർപ്പെടുത്തിയത്.
വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നിരുന്നു. അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
സമൂഹമാദ്ധ്യമങ്ങളിൽ ആരോഗ്യ വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥർ പോസ്റ്റിടാൻ പാടില്ലെന്നായിരുന്നു ഉത്തരവ്. യൂട്യൂബ് ചാനൽ തുടങ്ങാനും അനുമതിയില്ല. പെരുമാറ്റചട്ടങ്ങൾക്ക് വിധേയമായി അനുമതി നൽകിയാൽ ചട്ടലംഘത്തിന് സാധ്യത കൂടുതലെന്നാണ് കണ്ടെത്തൽ. പോസ്റ്റുകൾക്കും മറ്റും പരസ്യവരുമാനം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇതു കണ്ടെത്തുക പ്രായോഗികമല്ലെന്നും ഉത്തരവിൽ പറയുന്നു.