കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഷിരൂർ ഉൾപ്പെട്ട ഉത്തര കന്നഡിയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഗംഗാവലി നദിയിൽ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. ഇതോടെ, നിലവിലെ സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർക്ക് ഗംഗാവലി നദിയിൽ ഇറങ്ങാൻ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. (Orange alert for next three days in Uttara Kannadi including Shiroor)
ദൗത്യത്തിന് തുടക്കം മുതൽ പ്രതിസന്ധി സൃഷ്ടിച്ച് കനത്ത മഴയാണ് പെയ്യുന്നത്. മഴയായതിനാൽ ഇന്നലെ രാത്രിയിൽ ഡ്രോൺ പരിശോധന നടന്നില്ല. ക്യാബിനോ ട്രക്കിന്റെ സ്ഥാനമോ ഇതുവരെ കൃത്യമായി നിർണ്ണയിക്കാനും സാധിച്ചിട്ടില്ല. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയല്ലാതെ മറ്റ് ബദൽ മാർഗങ്ങളൊന്നും മുന്നിലില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു.
ഇന്ന് ഐബോർഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഡ്രോൺ പറത്തി ട്രക്ക് എവിടെയാണുള്ളതെന്ന് കൃത്യമായി ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. അത് റോഡിൽ നിന്നും 60 മീറ്റർ ദൂരം പുഴയിലാണുള്ളതെന്ന് കണ്ടെത്തി. പുഴയിലേക്ക് 5 മീറ്റർ താഴ്ചയിലാണ് ലോറിയുള്ളത്. ക്യാബിനും ലോറിയും തമ്മിൽ വേർപെട്ടിട്ടില്ല എന്നും സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്.