മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്ന ജനവാസ മേഖലയായ ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് ദൗത്യസംഘത്തിന് സിഗ്നൽ. രാത്രിയിൽ ആന കട്ടിക്കുളം- തിരുനെല്ലി റോഡ് മുറിച്ചുകടന്നു. വനംവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആനയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്.
ദൗത്യം നീളുന്നതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തിൽ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഗ്ന ഉണ്ടായിരുന്നത്. എന്നാൽ മയക്കുവെടിവെയ്ക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ബേലൂര്‍ മഗ്ന ദൗത്യത്തിനായി വയനാട്ടിലേയ്ക്ക് നിയോഗിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയും ഇന്നലെ ദൗത്യ സംഘത്തിനൊപ്പം ചേർന്നു. ബേലൂര്‍ മഗ്നയ്‌ക്കൊപ്പം അക്രമകാരിയായ മറ്റൊരു മോഴയാന കൂടിയുള്ളത് ദൗത്യസംഘത്തിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
അതേസമയം വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കുറുവയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇക്കോ ടൂറിസം താല്‍ക്കാലിക ജീവനക്കാരന്‍ പാക്കം സ്വദേശി പോൾ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
Read Also: ഇന്ന് സംസ്ഥാനത്ത് അതിതീവ്ര ചൂടിന്റെ ദിവസം; നാലുജില്ലകളിൽ യെല്ലോ അലേർട്ട്