കോട്ടയം: ഉമ്മന്‍ ചാണ്ടി ഇനി അമേരിക്കയില്‍. കേട്ടപ്പോള്‍ ഒന്ന് ഞെട്ടിയില്ലേ. അതേ.. മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകളുമായി ലക്ഷോപലക്ഷം ആളുകളുടെ നെഞ്ചില്‍ പച്ചകുത്തിയ സ്‌നേഹത്തിന്റെ പേരാണ് ഉമ്മന്‍ചാണ്ടി. ഇപ്പോഴിതാ കേരളവും ഇന്ത്യയും കടന്ന് അങ്ങ് അമേരിക്ക വരെ എത്തി നില്‍ക്കുന്നു ഉമ്മന്‍ചാണ്ടിയുടെ ഖ്യാതി. എങ്ങനെയെന്നല്ലേ.
നമ്മുടെ ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറിനായി പ്രത്യേകം അപേക്ഷിക്കുന്നതുപോലെ നമ്പറിനുപകരം ‘പേര്’ ചേര്‍ക്കാന്‍ അമേരിക്കയില്‍ അവസരമുണ്ടത്രേ. ഇംഗ്‌ളീഷില്‍ രജിസ്റ്റര്‍ ചെയ്യുന്ന പേരിന് പരമാവധി 8 അക്ഷരങ്ങളെ പാടുള്ളൂ. അതുകൊണ്ട് ഉമ്മന്‍ചാണ്ടി എന്ന പേരില്‍ നിന്ന് 4 അക്ഷരങ്ങള്‍ കുറച്ച് രജിസ്റ്റര്‍ ചെയ്തത് ‘OMNCHADY.’ എന്ന പേരിലാണ്.
ഈ വാര്‍ത്ത അറിഞ്ഞപാടെ കാറിന്റെ ഉടമസ്ഥനെ തേടിയായിരുന്നു പിന്നെയുള്ള അന്വേഷണം. അതെത്തി നിന്നതാകട്ടെ നാലരവര്‍ഷത്തോളമായി കുടുംബസമേതം അമേരിക്കയില്‍ കഴിയുന്ന ബിസിനസുകാരന്‍ ഐപ്പിലാണ്. കോട്ടയം മൂലവട്ടം കാലായി സ്വദേശിയായ ഐപ്പായിരുന്നു കാറിന്റെ ഉടമസ്ഥാന്‍. ഉമ്മന്‍ചാണ്ടിയോടുള്ള സ്‌നേഹവും ബഹുമാനവുമാണ് ഇത്തരമൊരു രജിസ്‌ട്രേഷനിലേക്ക് ഐപ്പിനെ എത്തിച്ചത്.
”ഉമ്മന്‍ ചാണ്ടി എന്ന വലിയ മനുഷ്യന്‍ ഒരിക്കലും മരിക്കുന്നില്ല. അദ്ദേഹത്തിന്റെ സ്‌നേഹവും പുഞ്ചിരി തൂകുന്ന ചിരിയുമാണ് എന്റെ മനസില്‍ നിറയെ..അതുകൊണ്ടുമാത്രമാണ് ഈ പേര് നല്‍കാന്‍ ഞാനും കുടുംബവും തീരുമാനിച്ചത്”-ഐപ്പിന്റെ വാക്കുകള്‍.
കാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാന ദിനങ്ങള്‍ ഒഴിച്ചാല്‍ ജനങ്ങള്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. ചീകിയൊതുക്കാത്ത മുടിയും എപ്പോഴും ചിരിച്ച മുഖവും അടയാളമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടി മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ കൂടി സ്വന്തം പേരില്‍ കുറിച്ചുകൊണ്ടാണ് വിട പറഞ്ഞത്. പകരം വെയ്ക്കാനില്ലാത്ത മാതൃകാപുരുഷന്റെ പേര് തന്റെ കാറിനായി സ്വീകരിച്ച ഐപ്പിന് കുഞ്ഞൂഞ്ഞിന്റെ പുതുപ്പള്ളിക്കാര്‍ തങ്ങളുടെ സ്‌നേഹവും നന്ദിയും മെസേജുകളിലൂടെയും മറ്റും അറിയിക്കുന്നുണ്ട്. അതേസമയം ഉമ്മന്‍ചാണ്ടിയുടെ പേര് പ്രശസ്തിക്ക് വേണ്ടി ചെയ്തതാണെന്നും മറ്റുമുള്ള തരത്തില്‍ ഐപ്പിന്റെ ചിത്രങ്ങള്‍ക്ക് താഴെയായി വിമര്‍ശനങ്ങളും വന്നു. എന്നാല്‍ അതിനെയൊക്കെ പാടെ അവഗണിക്കുകമാത്രമല്ല, ചുട്ട മറുപടിയും കൊടുത്തു കുഞ്ഞൂഞ്ഞിന്റെ പുതുപ്പ്ള്ളി പിള്ളേര്.