മലപ്പുറം: ഇതര സംസ്ഥാന തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സായുധ പൊലീസ് സേനാംഗങ്ങൾക്ക് ഇക്കുറിവോട്ടവകാശം നഷ്ടമാവും. രണ്ട് സംസ്ഥാനങ്ങളിലായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 1518 പൊലീസുകാർക്കാണ് തപാൽ വോട്ട് സൗകര്യം ലഭിക്കാത്തത്.
മഹാരാഷ്ട്രയിലേക്ക് 844 പേരും കർണാടകയിലേക്ക് 674 പേരുമാണ് ഇത്തവണ കേരളത്തിൽനിന്ന് പോയത്. ഈ സംസ്ഥാനങ്ങളിലുള്ള സായുധ സേനാംഗങ്ങൾക്ക് തപാൽ ബാലറ്റുകൾ എത്തിച്ച് നൽകാനാവില്ലെന്നും പുതിയ മാനദണ്ഡപ്രകാരം ഇവർ സ്വന്തം മണ്ഡലങ്ങളിൽ മുൻകൂട്ടിയെത്തി വോട്ടിങ് ഫെസിലിറ്റേഷൻ സെൻററുകളിൽ വോട്ട് ചെയ്യണമെന്നുമാണ് നിർദേശം. എന്നാൽ, ഇവർ നാട്ടിലെത്തി വോട്ട് ചെയ്യുകയെന്നത് പ്രായോഗികമല്ല പൊലീസ്, സായുധ പൊലീസ് ബറ്റാലിയൻ ആസ്ഥാനങ്ങളിൽ മുൻകൂട്ടി പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
മറ്റു സംസ്ഥാനങ്ങളിലടക്കം ഡ്യൂട്ടിയിലുള്ള പൊലീസ് സേനാംഗങ്ങൾക്ക് നേരത്തേ അവരുടെ ഔദ്യോഗിക മേൽവിലാസത്തിലാണ് തപാൽ ബാലറ്റുകൾ എത്തിച്ചിരുന്നത്. തുടർന്ന് അതത് ബറ്റാലിയനുകളിലെ ഇലക്ഷൻ സെല്ലുകളിൽനിന്ന് ഇവർ എവിടെയാണെന്ന് കണ്ടെത്തി പ്രത്യേക ദൂതൻ വഴി ബാലറ്റുകൾ എത്തിച്ചുനൽകുന്നതായിരുന്നു പതിവ്. എന്നാൽ ഇക്കുറി അതുണ്ടാവില്ല.
നേരത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് ഇത്തരം തപാൽ വോട്ടുകൾ നൽകിയാൽ മതിയായിരുന്നു. ഇത്തവണ ഈ സംവിധാനം ഒരുക്കിയിട്ടില്ലാത്തതാണ് തിരിച്ചടിയായത്. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിൽ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ജോലികൾ നൽകുന്നതായും ആക്ഷേപമുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഇൻ ചാർജ് ആയിട്ട് പോലും മതിയായ യാത്രസൗകര്യങ്ങളും പരിഗണനയും ഇല്ലാതെയാണ് ഡ്യൂട്ടി ചെയ്യിക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. മിക്ക ദിവസങ്ങളിലും 50ൽ താഴെ ആളുകൾ പങ്കെടുക്കുന്ന ഉത്സവങ്ങളിലെ ഡ്യൂട്ടിയാണ് സേനാംഗങ്ങൾക്ക് നൽകുന്നതെന്നും ആക്ഷേപമുണ്ട്.