പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം
ഇടുക്കി ജില്ലയിൽ പ്രധാന ടൗണുകളിലെ വഴിയോരങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി പഴന്തുണികൾ കളർമുക്കി എത്തിച്ച് കച്ചവടം നടത്തുന്ന മാഫിയ സംഘങ്ങൾ സജീവം.
കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നത് തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവരുന്ന നിലവാരമില്ലാത്ത വസ്ത്രങ്ങളാണ്. തോട്ടം മേഖലകളിലടക്കം ഇത്തരം കച്ചവടം വ്യാപകമാണ്.
കുറഞ്ഞ വിലയ്ക്ക് തുണി നൽകുന്നതിനാൽ സാധാരണക്കാരെ വളരെ വേഗത്തിൽ ആകർഷിക്കാനും വഴിയോര കച്ചവടങ്ങൾക്ക് സാധിക്കുന്നുണ്ട്.
ജീവിത മാർഗത്തിനായി നാട്ടിൻ പുറങ്ങളിൽ സാധാരണക്കാരായവർ ഇത്തരം കച്ചവടങ്ങൾ നടത്തിയിരുന്നതിനാൽ തുണിവ്യാപാരികളും വലിയ പ്രതിഷേധത്തിനിറങ്ങിയിരുന്നില്ല.
എന്നാൽ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വ്യാപക വിൽപ്പന തുടങ്ങിയതോടെ ഇവർ പ്രത്യക്ഷസമരത്തിനിറങ്ങിയിരിക്കുകയാണ്.
തുണിക്കച്ചവടത്തിന് പിന്നിൽ വൻ മാഫിയകളാണെന്നതാണ് വ്യാപാരികളുടെ ആരോപണം. കഴിഞ്ഞ ദിവസം തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നിറുത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് കെട്ടുകണക്കിന് തുണികളാണ് കണ്ടെത്തിയത്.
വിവിധ ഭാഗങ്ങളിൽ കച്ചവടം നടത്തുന്നതിനായി ബോഡിമെട്ടിൽ നിന്നെത്തിച്ച വസ്ത്രങ്ങളായിരുന്നു ഇത്. തൊടുപുഴയിൽ കേരള ടെക്‌സ്റ്റെൽസ് ഗാർമെന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇതിനെതിരെ വലിയ പ്രതിഷേധം നടന്നു.
തുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും പൊലീസിന്റെയും സാന്നിധ്യത്തിൽ വാഹനം തിരിച്ചയച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
പ്രശ്‌നം ഉന്നയിച്ച് വ്യാപാരികൾ തൊടുപുഴ ഡിവൈ.എസ്.പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ. നവാസ്, കെ.ടി.ജി.എ യൂണിറ്റ് പ്രസിഡന്റ് അനസ് അസീസ്, ജില്ല വാസ് പ്രസിഡന്റ് റെന്നി തോമസ്, മേഖല വാസ് പ്രസിഡന്റ് ഫ്രാൻസിസ് രാഗം, നാരായണ പിള്ള, ജോയിന്റ് സെക്രട്ടറി പി.എ. അഫ്‌സൽ, ട്രഷറർ പി.കെ. അനിൽ കുമാർ, വാസ് പ്രസിഡന്റ് ഷെരീഫ് സർഗം, സെക്രട്ടറി ലിജോൺസ് ഹിന്ദുസ്ഥാൻ, കമ്മിറ്റി അംഗങ്ങളായ ജോസ് പോൾ, സോജൻ ചെമ്പരത്തി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
വഴിയോര കച്ചവടത്തിനായി എത്തിക്കുന്നത് പഴന്തുണിയെന്നാണ് വ്യാപാരികളുടെ ആരോപണം. തോർത്ത്, ബനിയൻ, ലുങ്കി, അണ്ടർഗാർമെന്റ്‌സ്, നിക്കർ മുതലായവയാണ് വിൽക്കുന്നത്.
ഇതിന് പുറമേ അവധി ദിവസങ്ങളിൽ നടത്തുന്ന കച്ചവടം ഗതാഗത തടസമുണ്ടാക്കുന്നതായും കാൽനട യാത്രക്കാർക്കടക്കം ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
കച്ചവടക്കാർ വ്യാപകമായി ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതായും വ്യാപാരികൾ ആരോപിക്കുന്നു.
മുമ്പ് ഇത്തരത്തിൽ വാഴക്കുളം ടൗൺ കേന്ദ്രീകരിച്ച് കച്ചവടം വ്യാപകമായപ്പോൾ വ്യാപാരികൾ ശക്തമായ പ്രതിഷേധമുയർത്തുകയും മേഖലയിൽ നിന്ന് വഴിയോര കച്ചവടം പൂർണമായി ഒഴിവാക്കുകയും ചെയ്തിരുന്നു.
സാധാരണക്കാർ ജീവിക്കാനായി കച്ചവടം നടത്തിയാൽ കുഴപ്പമില്ലെന്നും വലിയ മാഫിയകൾ കളത്തിലിറങ്ങിയാൽ തടയുമെന്നുമാണ് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും പറയുന്നത്.









