തിരുവനന്തപുരം : നവകേരള സദസിനായി മന്ത്രിസഭ മുഴുവനായി തലസ്ഥാനത്ത് നിന്നും മാറി നിന്നിട്ട് ഒരു മാസമാകുന്നു. ഈ സാഹചര്യം ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകളിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്ന ഉന്നത ഉദ്യോഗസ്ഥ സംഘവും അവധി ആഘോഷിക്കുന്നത് തുടരുന്നു. മന്ത്രി കഴിഞ്ഞാൽ വിദ്യാഭ്യാസ വകുപ്പിലെ രണ്ടാമനായ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഏറ്റവും അവസാനം അവധിയിൽ പോയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് നൽകിയ അപേക്ഷ പ്രകാരമാണ് രണ്ടാഴ്ച്ച അവധി അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്ക് വിദ്യാഭ്യാസവകുപ്പിന്റെ അധിക ചുമതല നല്‍കി ഉത്തരവിറങ്ങിയിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ വകുപ്പായ ആരോഗ്യ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി, മന്ത്രി തലസ്ഥാനത്ത് ഇല്ലെങ്കിൽ വളരെയധികം ശ്രദ്ധ നൽകേണ്ട ധനകാര്യവകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്രകുമാർ അഗർവാൾ, ധനകാര്യ റിസോഴ്സ് സെക്രട്ടറി സഫറുള്ള എന്നിവരും വിവിധ ആവിശ്യങ്ങൾക്കായി അവധിയെടുത്ത് സംസ്ഥാനത്തിന് പുറത്താണ്. ഇതിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടഫി മുഹമ്മദ് ഹനീഷ് വിദേശയാത്ര കഴിഞ്ഞ് മടങ്ങി എത്തി. നവകേരള യാത്ര തിരുവനന്തപുരത്തോട് അടുക്കുകയാണ്. ഈ സമയക്രമം മനസിലാക്കിയാണ് പലരും അവധി എടുത്തതും , മടങ്ങി എത്തിയിരിക്കുന്നതും. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രവീന്ദ്ര കുമാര്‍ അഗര്‍വാള്‍ ഡിസംബര്‍ 4 മുതല്‍ 8 വരെ ഡല്‍ഹിയില്‍ ട്രെയിനിംഗിലായിരുന്നു. ധനകാര്യ റിസോഴ്സ് സെക്രട്ടറി സഫറുള്ള ബാംഗ്ലൂരില്‍ ട്രെയിനിംഗിന് പോയി. ഡിസംബര്‍ 15 വരെയാണ് അദേഹവും വകുപ്പിൽ ഉണ്ടാകില്ല. മന്ത്രിമാർ ഇല്ലാത്തതിനാൽ വകുപ്പ് സെക്രട്ടറിമാർ അവധിയിലാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.
Read Also : 13.12.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ