ഒഡിഷയില്‍ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടു കൊന്ന കേസിലെ പ്രതിയെ വിട്ടയച്ച് ഒഡിഷ സർക്കാർ. പ്രതികളിൽ ഒരാളായ മഹേന്ദ്ര ഹെംബ്രാമിനെയാണ് വിട്ടയച്ചത്. നല്ല നടപ്പിന്റെ പേരിലാണ് ശിക്ഷയിൽ ഇളവ് നൽകിയത്. 1999 ജനുവരി 22 ന് ആണ് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും തീവച്ചു കൊലപ്പെടുത്തിയത്.
ഒഡീഷ സംസ്ഥാന ശിക്ഷാ അവലോകന ബോർഡിന്റ നിർദ്ദേശം അനുസരിച്ചാണ് വിട്ടയച്ചതെന്ന് കിയോഞ്ജർ ജയിൽ അധികൃതർ.കേസിലെ പ്രധാന കുറ്റവാളിയായ ദാരാ സിംഗ് ജയിലിൽ തുടരുകയാണ്.
ഒഡിഷയില്‍ കുഷ്ഠരോഗബാധിതരുടെ ദുരിതങ്ങളില്‍ ചേര്‍ന്നുനിന്ന് അവര്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയന്‍ പൗരന്മാരാണ് ക്രിസ്ത്യന്‍ മിഷനറി അംഗങ്ങളായ ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ്, 9ഉം 7ഉം വയസ് മാത്രമുള്ള മക്കളായ ഫിലിപ്പ്, തിമോത്തിയും ഭാര്യ ഗ്ലാഡിസും.
മനോഹര്‍പൂര്‍-ബാരിപാഡിലെ വനപ്രദേശത്ത് തങ്ങളുടെ ജീപ്പില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും ഒറീസയിലെ പശു കച്ചവടക്കാരനും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനുമായ ദാരാ സിംഗിന്റെ നേതൃത്വത്തില്‍ ജീവനോട് ചുട്ടുകൊന്നത്.
യുപിയിൽനിന്ന് ഒഡീഷയിലേക്ക് വന്ന ദാരാ സിംഗാണ് ആക്രമണത്തിന്റെ സൂത്രധാരൻ. ദാരാ സിംഗ്, ഹെംബ്രാം എന്നിവരുൾപ്പെടെ കേസിൽ 14 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ 12 പേരെ വിട്ടയയച്ചു. ദാരാ സിംഗിനെയും ഹെംബ്രാമിനെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു.