യുകെയിൽ സീനിയര്‍ നഴ്സ് ആയി ജോലിക്കയറ്റം ലഭിക്കുന്നതിന് തന്റെ യോഗ്യതയെ കുറിച്ച് കള്ളം പറഞ്ഞ നഴ്സിന് റെജിസ്‌ട്രേഷന്‍ നഷ്ടമായി. തട്ടിപ്പ് കേസിലും, വ്യാജരേഖകള്‍ ചമച്ചതിലും അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ 2024 ഒക്ടോബറില്‍ ഇവരെ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, റിക്ക്മാന്‍സ്വര്‍ത്തിലെ ടാനിയ നസീര്‍ എന്ന 45 കാരി ബ്രിഡ്‌ജെന്‍ഡിലെ പ്രിന്‍സസ് ഓഫ് വെയ്ല്‍സ് ഹോസ്പിറ്റലിലെ നിയോനാറ്റല്‍ യൂണിറ്റില്‍ വാര്‍ഡ് മാനേജര്‍ ആയി ചുമതലയേല്‍ക്കുന്നത്.. എന്നാല്‍, നിയോനാറ്റല്‍ നഴ്സിംഗില്‍ ഉയര്‍ന്ന യോഗ്യതയുണ്ടെന്നും സൈന്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമൊക്കെ അവര്‍ കള്ളം പറയുകയായിരുന്നു.
നാല് മാസത്തോളം ഇവർ യോഗ്യതയില്ലാതെ ആ തസ്തികയില്‍ ജോലി ചെയ്തിരുന്നു. എന്നാൽ നടത്തിയ അന്വേഷണത്തിൽ അവരുടെ നഴ്സിംഗ് റെജിസ്‌ട്രേഷന്‍ തീയതിയും അവരുടെ അപേക്ഷാ ഫോറത്തില്‍ പറഞ്ഞിരുന്ന തീയതിയും പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെ ഇവരുടെ കള്ളം പൊളിയുകയായിരിന്നു.
നസീറിന്റെ പ്രവർത്തനങ്ങൾ ദുർബലരായ രോഗികളെ “സാരമായി ദോഷകരമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്, അത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമായിരുന്നിരിക്കാം” എന്ന് നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) കമ്മിറ്റി നിഗമനം ചെയ്തു. രണ്ട് കുട്ടികളുടെ അമ്മയായ അവർ തീവ്രപരിചരണം, എ & ഇ മെഡിസിൻ, കുട്ടികളുടെ പാലിയേറ്റീവ് കെയർ എന്നിവയിൽ പരിചയമുണ്ടെന്ന് കള്ളം പറഞ്ഞു.
ലണ്ടനിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു നഴ്‌സിന്റെ എൻഎച്ച്എസ് ഇമെയിൽ അക്കൗണ്ട് ഉപയോഗിച്ചാണ് പോസ്റ്റിനായി തന്റെ റഫറൻസ് വ്യാജമായി നിർമ്മിച്ചത്. രോഗബാധിതരും, ഗര്‍ഭകാലം പൂര്‍ത്തിയാകാതെ ജനിച്ചവരുമായ കുട്ടികളെ ശുശ്രൂഷിക്കുന്ന സീനിയര്‍ നഴ്സ് ആയി ജോലിക്കയറ്റം ലഭിക്കുന്നതിനാണു ഇവർ ഈ കള്ളം ചെയ്തത്.
ഓക്സ്ഫാം, റെഡ് ക്രോസ് എന്നിവയുൾപ്പെടെയുള്ള ചാരിറ്റികളുമായി ചേർന്ന് ലോകമെമ്പാടും സൈനിക, മാനുഷിക പ്രവർത്തനങ്ങൾ ചെയ്യുന്നതായി നസീർ നുണ പറഞ്ഞതോടെ ആശുപത്രി നടത്തിയ അന്വേഷണത്തിൽ ഇത് കളവാണെന്ന് തെളിയുകയായിരുന്നു. നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നതിന് അവര്‍ക്ക് വിലക്കുമുണ്ട്.
2010-ൽ ക്ഷേമ ആനുകൂല്യങ്ങൾ വ്യാജമായി നേടിയതിന് നസീർ മുമ്പ് ശിക്ഷിക്കപ്പെട്ടിരുന്നുവെന്നും ഭാവിയിൽ നസീർ അത്തരം പെരുമാറ്റം ആവർത്തിക്കാനുള്ള “ഗണ്യമായ അപകടസാധ്യത” ഉണ്ടെന്നും എൻഎംസി പ്രതിനിധി നാ-അഡ്‌ജെലി ബാർണർ പറഞ്ഞു. തട്ടിപ്പ് കണ്ടുപിടിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നസീർ അത് മറച്ചുവെക്കാൻ നടപടികൾ സ്വീകരിച്ചതായും പാനൽ വിലയിരുത്തി.