ആവശ്യപ്പെട്ടാൽ ഏവർക്കും വീഡിയോ ‘കോൺഫറൻസ് സംവിധാനത്തിലൂടെ വിവാഹ രജിസ്ട്രേഷൻ കഴിയുംവിധം നിയമേ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. Now marriage can be registered through video conference
ഇടുക്കി ജില്ലാ അദാലത്തിൽ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ ജേക്കബ് നൽകിയ പരാതിയിലാണ് തീരുമാനം. 2019ൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശത്തുള്ളവർക്ക് കെ- സ്മാർട്ട് സേവനം പ്രയോജനപ്പെടുത്തി വീഡിയോ കോൺഫറൻസിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാൻ സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു.
പരാതി പരിഗണിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് തദ്ദേശിയർക്കും അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ, സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കും ഈ സേവനം പ്രയോജന പെടുത്താൻ കഴിയും വിധം അപേക്ഷ നൽകുന്ന എല്ലാവർക്കും കെ സ്മാർട്ട് മുഖേന വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടുക്കി ജില്ലാ തദ്ദേശ അദാലത്തിൽ ഉത്തരവ് ഇറക്കി.
പഞ്ചായത്തിലെ നിരവധി പേരുടെ ആവശ്യ പ്രകാരമാണ് പ്രസിഡൻ്റ് ജെയിംസ് കെ ജേക്കബും ഉപ്പുതറ രജിസ്ട്രാർ വി കെ ശ്രീകുമാറും അദാലത്തിലെത്തിയത്.
വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാമെന്ന ഉത്തരവ് അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന സംസ്ഥാനത്തെ നിരവധി പേർക്ക് പ്രയോജനപ്പെടും.
സംസ്ഥാനത്ത് നടപ്പാക്കിയ പുതിയ ഉത്തരവിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് കെ ജേക്കബ് പങ്കുവച്ചു.