കൊച്ചി : താൻ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പർ വേടൻ. താൻ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കയ്യിലുള്ളത് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് അറിയില്ലെന്നും റാപ്പർവേടൻ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വേടന്റെ പ്രതികരണം.
പുലിപ്പല്ല് കൈവശം വെച്ച കേസിൽ വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം സംസ്ഥാനവനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. നേരത്തേ, തായ്ലാൻഡിൽ നിന്നാണ് ഇത് ലഭിച്ചതെന്ന് വേടൻ അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
തിങ്കളാഴ്ച ഹിൽപ്പാലസ് പൊലീസ് വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്‌ലാറ്റിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഒൻപതര ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഈ കേസിൽ ഇവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തി.
കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പൊലീസ് എത്തുമ്പോൾ മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ് എഫ്‌ഐആറിൽ ചുമത്തിയിട്ടുള്ളത്.