കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സൗകര്യങ്ങളുടെ കുറവ് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിന് പ്രീമിയർ 1 ക്ലബ് ലൈസൻസ് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പുതുക്കി നൽകിയില്ല.കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുറമെ ജംഷദ്പൂർ എഫ്സി, ഒഡീഷ എഫ്സി, ഹൈദരാബാദ് എഫ്സി എന്നീ ടീമുകൾക്കാണ് പ്രീമിയർ 1 ക്ലബ് ലൈസൻസ് നഷ്ടമായത്. പ്രീമിയർ 1 ക്ലബ്ബ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ക്ലബ്ബുകൾക്ക് എഎഫ്‌സി ടൂർണമെന്റുകളിലും ഐഎസ്എല്ലിലും പങ്കെടുക്കാൻ സാധിക്കൂ.
ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രൊഫഷണലിസം എന്നിവ മാനദണ്ഡമാക്കിയാണ് എഐഎഫ്എഫ് പ്രീമിയർ 1 ലൈസൻസ് നൽകുന്നത്. എന്നാൽ കൊച്ചി സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നമാണ് ബ്ലാസ്റ്റേഴ്സിന് പ്രീമിയർ 1 ലൈസൻസ് ലഭിക്കാതിരിക്കാൻ കാരണമായതെന്നാണ് ഐഎഫ്ടി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.