പൊതുവേദിയിൽ വനിതാ ഡോക്ടറുടെ ഹിജാബ് മാറ്റി; ബീഹാർ മുഖ്യമന്ത്രി വിവാദത്തിൽ
പാട്ന: സർക്കാർ ചടങ്ങിനിടെ പൊതുവേദിയിൽ വെച്ച് വനിതാ ഡോക്ടറുടെ ഹിജാബ് മാറ്റിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടി വിവാദമായി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. സർട്ടിഫിക്കറ്റ് കൈമാറുന്നതിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് മാറ്റാൻ നിതീഷ് കുമാർ കൈകൊണ്ട് ആംഗ്യം കാണിക്കുകയും, തുടർന്ന് കൈ നീട്ടി ഹിജാബ് താഴ്ത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
യുവതി പ്രതികരിക്കുന്നതിന് മുൻപായിരുന്നു ഈ നടപടി. ചടങ്ങിനിടെ ചിലർ ചിരിക്കുന്നതും, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
സംഭവത്തെ ശക്തമായി അപലപിച്ച് കോൺഗ്രസ് രംഗത്തെത്തി. നിതീഷ് കുമാറിന്റെ നടപടി “ലജ്ജയില്ലാത്തതും നീചവുമാണ്” എന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ഇത് സ്ത്രീകളുടെ അന്തസ്സിനും മതസ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നും, നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ആർജെഡിയും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ജെഡിയു-ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള സമീപനമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നതെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പ്രതികരിച്ചു.
“പർദ്ദ ധരിക്കുന്ന ഒരു മുസ്‌ലിം സ്ത്രീയുടെ മുഖത്ത് നിന്ന് ഹിജാബ് നീക്കിയതിലൂടെ, സ്ത്രീശാക്തീകരണത്തിന്റെ പേരിൽ ജെഡിയുവും ബിജെപിയും ഏത് തരത്തിലുള്ള രാഷ്ട്രീയമാണ് നടത്തുന്നതെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിരിക്കുകയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിയുടെ സംസ്കാരവും മതസ്വാതന്ത്ര്യവും അനുസരിച്ച് ജീവിക്കാനുള്ള അവകാശം കവർന്നെടുക്കുന്ന നടപടിയാണ് ഇത്” – ഇജാസ് അഹമ്മദ് പറഞ്ഞു.
English Summary
Bihar Chief Minister Nitish Kumar sparked controversy after he was seen removing a woman doctor’s hijab during a government function in Patna. The incident, captured on video and widely shared on social media, has drawn sharp criticism from opposition parties. Congress and RJD condemned the act as an insult to women’s dignity and religious freedom, demanding the Chief Minister’s resignation.
Nitish Kumar Faces Backlash for Removing Woman Doctor’s Hijab at Public Event
Nitish Kumar, Bihar, hijab controversy, woman doctor, government function, Congress criticism, RJD, women’s dignity, religious freedom, Indian politics









