തിരുവനന്തപുരം: നെയ്യാറ്റിൻകര ശാഖാകുമാരി കൊലക്കേസിൽ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഭാര്യ ശാഖാകുമാരിയെ സ്വത്തു തട്ടിയെടുക്കുന്നതിനായി ഭർത്താവ് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2020 ഡിസംബർ 26 ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. വലിയ സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുൺ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വെച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തിൽ കുരുക്കുകയായിരുന്നു.
തുടർന്ന് ഇവർ വിവാഹിതരായി. വിവാഹ പാരിതോഷികമായി 50 ലക്ഷം രൂപയും 100 പവൻ സ്വർണവുമാണ് അരുണിന് ശാഖാകുമാരി അന്ന് നൽകിയിരുന്നത്.
പക്ഷെ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുൺ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ചതോടെ അരുൺ ആഡംബര ജീവിതമാണ് നയിച്ചത്.
ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യൻ കൂടിയായ അരുൺ ശ്രമിച്ചത്.
ആദ്യവട്ട ശ്രമങ്ങൾ പരാജയപ്പെട്ടതിനെതുടർന്ന് 2020 ഡിസംബർ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗിൽ നിന്നും വയർ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് സീരിയൽ ലൈറ്റ് മൃതദേഹത്തിന് സമീപമിട്ട അരുൺ, സീരിയൽ ലൈറ്റിൽ നിന്നും ഷോക്കേറ്റ് മരിച്ചുവെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശാഖാകുമാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.









