ബെംഗളൂരുവിൽ നവവധുവിന്റെ ആത്മഹത്യ; ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരുവിൽ നവവധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. ആത്മഹത്യ ചെയ്തതായി കണ്ടെത്തിയ ഗനവിയുടെ ഭർത്താവ് സൂരജിനെയും മരിച്ച നിലയിൽ കണ്ടെത്തി.
സൂരജിന്റെ അമ്മ ജയന്തിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സൂരജിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ഇന്നലെയാണ് രാമമൂർത്തി നഗർ സ്വദേശിനിയായ ഗനവി ആത്മഹത്യ ചെയ്തത്. ശ്രീലങ്കയിൽ ഹണിമൂൺ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ, ഭർതൃവീട്ടിൽ വെച്ചാണ് യുവതി തൂങ്ങി മരിച്ചത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗനവിയുടെ മരണത്തിന് പിന്നാലെ ഭർത്താവ് സൂരജും അമ്മ ജയന്തിയും നാടുവിട്ടതായി കണ്ടെത്തിയിരുന്നു.
ഇരുവരും നാഗ്പൂരിലേക്കാണ് കടന്നതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജിനെ മരിച്ച നിലയിലും ജയന്തിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്.
ഗനവിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സ്ത്രീധന പീഡനമാണെന്ന ആരോപണം ശക്തമാണ്.
ഗനവിയുടെ പിതാവ് ശശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭർത്താവ് സൂരജ്, അമ്മ ജയന്തി, സഹോദരൻ എന്നിവർക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, ആത്മഹത്യക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ഗനവിയെ ആഡംബരപൂർവം വിവാഹം കഴിപ്പിച്ചുവിട്ടിട്ടും ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് ശശി ആരോപിച്ചു.
വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് ഭർതൃവീട്ടുകാരുടെ നിർദേശപ്രകാരം വിവാഹ റിസപ്ഷൻ നടത്തിയതെന്നും, ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ 40 ലക്ഷം രൂപ ചെലവഴിച്ചാണ് ആഘോഷം നടത്തിയതെന്നും പരാതിയിൽ പറയുന്നു.
ഇതിന് പിന്നാലെ 10 ദിവസത്തെ ശ്രീലങ്ക ഹണിമൂൺ യാത്രക്ക് പോയെങ്കിലും അഞ്ച് ദിവസം കഴിഞ്ഞപ്പോൾ മടങ്ങി വരേണ്ടി വന്നു.
തുടർന്ന് മകളെ വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ സൂരജ് സമ്മർദം ചെലുത്തിയിരുന്നുവെന്നും പിതാവ് ആരോപിച്ചു. ഒന്നര മാസം മുമ്പാണ് ഗനവിയുടെയും സൂരജിന്റെയും വിവാഹം നടന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച വനിതാ കമ്മീഷൻ, കർണാടക സർക്കാരിന് കത്തയച്ചിട്ടുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.









