ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ
ഇടുക്കി വാഴത്തോപ്പിൽ നടന്ന വീട്ടിലെ പ്രസവം ദാരുണാന്ത്യത്തിൽ കലാശിച്ചു. വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോൺസൺ – ബിജി ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
പ്രസവത്തിനിടെ രക്തസ്രാവമുണ്ടായ ബിജിയെ ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും പലതവണ ആവശ്യപ്പെട്ടെങ്കിലും ദമ്പതികൾ അത് നിരസിച്ചു.
“കർത്താവ് രക്ഷിക്കും” എന്ന മറുപടിയാണ് അവർ സ്ഥിരമായി പറഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ചാണ് ബിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രദേശവാസികളുമായി യാതൊരു ബന്ധവുമില്ലാതെ കുടുംബം ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഇന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് കുഞ്ഞ് മരിച്ചതായി തിരിച്ചറിഞ്ഞത്.
മുൻപും നിരവധി തവണ ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിട്ടും ദമ്പതികൾ അന്ധവിശ്വാസം മൂലം ചികിത്സ തേടാൻ വിസമ്മതിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പഞ്ചായത്തിലെ ഉദ്യോഗസ്ഥരും വീട്ടിലെത്തി ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ജോൺസൺ വീണ്ടും “കർത്താവ് രക്ഷിക്കും” എന്ന മറുപടി തന്നെയായിരുന്നു നൽകിയത്.
ഈ ദമ്പതികൾക്ക് 13, 15 വയസുള്ള രണ്ട് മക്കളുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ അവരുടെ വിദ്യാഭ്യാസം വരെ തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എൻഐആർഎഫ് റാങ്കിങ്: മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ്
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തന മികവും പുരോഗതിയും പരിശോധിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കട്ടപ്പന ഗവണ്മെന്റ് കോളേജ് 151-200 റാങ്ക് ബാൻഡിൽ ഇടം നേടി.
ആദ്യമായി റാങ്കിങ് പദ്ധതിയുട ഭാഗമായ കോളേജ്, രാജ്യത്തെ നാലായിരത്തിലധികം കോളേജുകളിൽ നിന്ന് ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടു.
കട്ടപ്പന ഗവണ്മെന്റ് കോളേജ് ഉൾപ്പെടെ കേരളത്തിലെ 37 കോളേജുകളാണ് ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടിട്ടുള്ളത്.
ആദ്യ 100 റാങ്കിൽ 18 കോളേജുകളും 101-150 ബാൻഡിൽ 10 കോളേജുകളും 151-200 ബാൻഡിൽ 9 കോളേജുകളുമാണ് കേരളത്തിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ആദ്യ 200 റാങ്കിൽ 12 ഗവ. കോളേജുകൾ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടിട്ടുള്ള കോളേജുകൾ കേരളത്തിലെ പ്രശസ്തമായ സ്വയംഭരണ കോളേജുകളും നാക്ക് A++ ഉൾപ്പെടെയുള്ള മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള കോളേജുകളുമാണ്.
ഈ പട്ടികയിൽ ഇടുക്കി ജില്ലയിൽ നിന്ന് ആദ്യ 200 ൽ ഇടം നേടിയ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കട്ടപ്പന ഗവണ്മെന്റ് കോളേജ്.
അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് ഈ നേട്ടമെന്ന് അധികൃതർ പ്രതികരിച്ചു.









