കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. കൊച്ചി ഡിസിപി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക. തൃശൂർ ഡിഐജി തോംസൺ ജോസ് ആണ് മേൽനോട്ടം വഹിക്കുക.
കേസ് അന്വേഷിച്ച കഴിഞ്ഞ പോലീസ് സംഘത്തിലുള്ളവരെ ഒഴിവാക്കിയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു പുതിയ സംഘത്തിലുണ്ട്. നേരത്തെ ഐജി അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയിരുന്നത്. ഇതിന് പകരമാണ് തൃശൂർ ഡിഐജിക്ക് അന്വേഷണ ചുമതല നൽകിയത്. തൃശൂരിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഓഫീസർമാർ അടക്കം എട്ടംഗ സംഘമാണ് അന്വേഷിക്കുന്നത്.
കൊടകര കുഴൽപ്പണ ഇടപാടിന്റെ സമയത്ത് ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണു സർക്കാർ തുരന്വേഷണത്തിനൊരുങ്ങുന്നത്.
ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് വെളിപ്പെടുത്തൽ എന്നതിനാൽ അത് തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമായി കൊടകര കുഴൽപ്പണം മാറി. പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആഞ്ഞടിച്ചു. കേസ് ഒതുക്കുന്നതിന് പിന്നിൽ സിപിഎം-ബിജെപി ഡീൽ എന്നതായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് സർക്കാർ നീക്കം തുടങ്ങിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് തൃശൂരിലെ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്ന സംഭവം നടന്നത്. അപകടത്തിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയർന്നത്. പിന്നീട് മൂന്നരക്കോടി നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി. തൃശൂരിൽനിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കണ്ടെത്തുന്നത്. പണം കർണാടകയിൽനിന്ന് എത്തിച്ചയാണെന്നും കണ്ടെത്തലുണ്ടായിരുന്നു.