സൗദി അറേബ്യയിലെ ഹൈവേകൾക്ക് പുതിയ നമ്പർ സംവിധാനം വരുന്നു
റിയാദ്: സൗദി അറേബ്യയിലെ റോഡ് ഗതാഗത സംവിധാനത്തിൽ വലിയ പരിഷ്‌കരണം.
ഹൈവേകളുടെ നമ്പർ സംവിധാനം പുതുക്കി വ്യക്തതയും ഏകീകരണവും ഉറപ്പാക്കുന്ന പദ്ധതിയാണ് ജനറൽ അതോറിറ്റി ഓഫ് റോഡ്‌സ് പ്രഖ്യാപിച്ചത്.
രാജ്യത്തെ എല്ലാ പ്രധാന ഹൈവേകളും ദിശാപരമായ വിഭാഗങ്ങളിലാക്കി – കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള “കുറുകെയുള്ള റോഡുകൾ”, വടക്ക്-തെക്ക് ദിശയിലുള്ള “തിരശ്ചീന റോഡുകൾ” എന്നിങ്ങനെയാണ് പുതുക്കിയ വിഭജനം.
പുതിയ സംവിധാനം റോഡ് ആസൂത്രണം, യാത്രാ ദിശ നിർണ്ണയം, നഗരങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ, സുരക്ഷ ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്.
സൗദി അറേബ്യയിലെ ഹൈവേകൾക്ക് പുതിയ നമ്പർ സംവിധാനം വരുന്നു
റോഡിന്റെ ആരംഭ-അവസാന പോയിന്റുകൾ, ദിശ, യാത്രാ പാത എന്നിവ വ്യക്തമാക്കുന്ന ചിഹ്നങ്ങളും നമ്പറുകളും പുതിയ രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കിഴക്ക്-പടിഞ്ഞാറ് ദിശയിലെ “കുറുകെയുള്ള” റോഡുകൾ
നമ്പറുകൾ 10 മുതൽ 80 വരെ പത്തിന്റെയോ ഗുണിതങ്ങളായിരിക്കും. ഉദാഹരണമായി, ദർബ് ഗവർണറേറ്റ് മുതൽ യു.എ.ഇ അതിർത്തിയിലെ ബത്ഹ വരെ പോകുന്ന റോഡ് നമ്പർ 10 ആയി നിശ്ചയിച്ചു.
ജിദ്ദ മുതൽ ദമ്മാം വരെ നീളുന്ന പ്രധാന ഹൈവേയ്ക്ക് റോഡ് നമ്പർ 40 ലഭിച്ചു. ദുബ ഗവർണറേറ്റ് മുതൽ പുതിയ അറാർ വരെ പോകുന്ന റോഡ് 80 ആകും.
വടക്ക്-തെക്ക് ദിശയിലെ “തിരശ്ചീന” റോഡുകൾ
നമ്പറുകൾ 5 മുതൽ 95 വരെ, അഞ്ചിന്റെ ഗുണിതങ്ങളായി. ജിസാൻ മുതൽ ഹഖ്ൽ വരെ പോകുന്ന റോഡിന് നമ്പർ 5. ഷറൂറ മുതൽ തബൂക്ക് വരെ – 15. അൽ ഖോബാർ മുതൽ ഖഫ്ജി വരെ – 95 എന്നിങ്ങനെയാണ് ക്രമീകരണം.
പുതിയ നമ്പർ സംവിധാനം യാത്രാനുഭവം കൂടുതൽ എളുപ്പമാക്കുകയും, മാപ്പിംഗ് സംവിധാനങ്ങൾക്കും ഡിജിറ്റൽ നാവിഗേഷനും പിന്തുണ നൽകുകയും ചെയ്യും. അതോറിറ്റി വ്യക്തമാക്കി,
റോഡ് സുരക്ഷയും ഗുണമേന്മയും മെച്ചപ്പെടുത്തുന്നത്, ഗതാഗതക്കുരുക്ക് കുറയ്ക്കുന്നത്, യാത്രാ സമയവും ഇന്ധന ചിലവും ചുരുക്കുന്നത് എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
2030 ഓടെ രാജ്യത്തിന്റെ റോഡ് ഗുണമേന്മാ സൂചികയെ ആഗോളതലത്തിൽ ആറാം സ്ഥാനത്തേക്ക് ഉയർത്തുക, കൂടാതെ ഒരു ലക്ഷം ആളുകളിൽ മരണം അഞ്ച് കേസിൽ താഴെയാക്കി കുറയ്ക്കുക എന്നതാണ് റോഡ്‌സ് അതോറിറ്റിയുടെ ദീർഘകാല ദൗത്യം.
ഈ പദ്ധതിയിലൂടെ സൗദി അറേബ്യ ആധുനിക ഗതാഗത സംവിധാനത്തേക്കും സ്മാർട്ട് റോഡ് അടിസ്ഥാനസൗകര്യങ്ങളിലേക്കും ഉറച്ച മുന്നേറ്റം നടത്തുകയാണ്.









