നസ്‍ലെൻ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് പ്രേമലു. ഇപ്പോഴിതാ തിയറ്ററുകളിൽ നിറഞ്ഞ കയ്യടി തീർക്കുകയാണ് ചിത്രം .
അതായത് ചെറിയ ബജറ്റിൽ ഒരുങ്ങിയ പ്രേമലു വമ്പൻമാരെ അമ്പരപ്പിച്ച് മൂന്ന് കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. കുടുംബപ്രേക്ഷകരും ചെറുപ്പക്കാരും കുട്ടികളുമൊക്കെ ഒരുപോലെ ഏറ്റെടുത്ത തണ്ണീർമത്തൻ ദിനങ്ങൾക്കും സൂപ്പർ ശരണ്യയ്ക്കും ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ചിത്രം ഇപ്പോഴിതാ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തീയറ്ററുകളിൽ പ്രദർശനം തുടങ്ങുന്നു. 30ഓളം തിയറ്ററുകളിൽ ആണ് ചിത്രം പുതുതായി എത്തുന്നത്.
മമിതയാണ് നസ്‍ലെന്റെ നായികയായി പ്രേമലു സിനിമയിൽ എത്തിയത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി.കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം യുകെയിൽ പോയി രക്ഷപ്പെടണം എന്ന ആഗ്രഹമുള്ള യുവാവാണ് സച്ചിൻ. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കാതെ വരുന്നതോടെ നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും മാറിനിൽക്കണമെന്നതായി പിന്നെ സച്ചിന്റെ ചിന്ത. ഒടുവിൽ അയാൾ എത്തിച്ചേരുന്നതാകട്ടെ ഹെെദരാബാദിലും. അപ്രതീക്ഷിതമായി അവന്റെ ജീവിതത്തിലേയ്ക്ക് ഒരു പെൺകുട്ടി കടന്നുവരികയാണ്. അവളോട് തോന്നുന്ന പ്രണയം അവനെ പുതിയ ലക്ഷ്യങ്ങളിലേയ്ക്ക് എത്തിക്കുകയാണ്. തുടർന്നുണ്ടാകുന്ന പ്രണയത്തിൽ ചാലിച്ച സംഭവവികാസങ്ങളാണ് ചിത്രം.
സച്ചിനായി നസ്ലിനും റീനുവെന്ന നായിക കഥാപാത്രമായി മമിതയും വേഷമിട്ടിരിക്കുന്നു.പഠിക്കാനായും മറ്റും അന്യസംസ്ഥാനങ്ങളിലെത്തിച്ചേരുന്ന യുവതലമുറ നേരിടുന്ന പ്രശ്നങ്ങളും തമാശയുടെ മേമ്പൊടിയോടെ ചിത്രത്തിൽ പറഞ്ഞുപോകുന്നുണ്ട്. അന്യദേശത്ത് എത്തിപ്പെടുമ്പോൾ മലയാളികൾ തമ്മിൽ പരസ്പരമുണ്ടാകാറുള്ള ബന്ധത്തേയും രസകരമായി സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. പ്രണയത്തിന് പുറമെ സൗഹൃദവും ചിത്രത്തിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. സിറ്റുവേഷണൽ കോമഡി കൊണ്ടും സമ്പന്നമാണ് ചിത്രം.
Read Also : സിനിമയിലെ ആ പ്രണയ രംഗങ്ങൾ എനിക്കിഷ്ടമാണ്: സമൂഹ മാധ്യമങ്ങളിൽ തരംഗമായി മോഹൻലാലിന്റെ വാക്കുകൾ