ഫിറ്റ്നസ്സ് നിലനിർത്താനും ആരോഗ്യത്തിനും വേണ്ടി ഉള്ള വ്യായാമങ്ങളെപ്പോലെ തന്നെ തലച്ചോറിനും വ്യായാമം ആവശ്യമാണ്.
തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളാണ് ന്യൂറോബിക്. തലച്ചോറിൻറെ ആരോഗ്യത്തിനും ചെറുപ്പം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വ്യായാമങ്ങളാണ് ന്യൂറോബിക്സ്. തലച്ചോറിനെ കുഴക്കുന്ന ചോദ്യങ്ങൾക്കും കണക്കുകൾക്കും ഉത്തരം കണ്ടെത്തുന്നതല്ല ഈ വ്യായാമം. കാഴ്ച, സ്പർശം, മണം, സ്വാദ്, കേൾവി എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂറോബിക് വ്യായാമങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
പല്ലു തേക്കാം
നാമെല്ലാം ദിവസവും പല്ല് തേക്കുന്നവരാണ്. ഈ വ്യായാമത്തിന് ചെയ്യേണ്ടത് ഒന്നു മാത്രം. പല്ല് തേക്കുന്ന കൈ മാറ്റുക. നിങ്ങൾ വലം കൈ ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇടം കൈ കൊണ്ടും ഇടം കൈ ഉപയോഗിക്കുന്ന ആളാണെങ്കിൽ വലം കൈ കൊണ്ടും ഇനി പല്ല് തേക്കുക. ഇത് തലച്ചോറിന് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കും.
ദൈനംദിന പ്രവർത്തികളുടെ ചിട്ട മാറ്റുക.
ചിട്ടകൾ തലച്ചോറിന് മടി പിടിപ്പിക്കും. പ്രത്യേകിച്ച് ചിന്തിക്കാതെ കാര്യങ്ങൾ ശീലമായി ചെയ്യാൻ തലച്ചോറിന് ഇത് സഹായിക്കുന്നു. എന്നാൽ ചിട്ടകൾ മാറ്റി കാര്യങ്ങൾ അൽപ്പം കുഴച്ച് മറിച്ച് നോക്കു. തലച്ചോറിന് അപ്പോൾ ഉഷാറാകാതെ വയ്യെന്ന അവസ്ഥയാകും. തലച്ചോറിന് മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടി വരും.
വസ്തുക്കളെ മണക്കാം.
കുടിക്കുന്ന കാപ്പിയും വസ്ത്രവും മുതൽ കാറ്റിനെ വരെ മണത്ത് നോക്കാം. കണ്ണടച്ച് ആ മണം ആസ്വദിക്കാം. ചില കാര്യങ്ങളെങ്കിലും കണ്ട് മനസ്സിലാക്കാതെ മണത്ത് മനസ്സിലാക്കാൻ ദിവസേന ശ്രമിക്കുക. ഇത് തലച്ചോറിൻറെ കാഴ്ചയോടുള്ള അമിത വിധേയത്വം കുറക്കാൻ സഹായിക്കും. തലച്ചോറിലെ കൂടുതൽ കോശങ്ങളെ ഉഷാറാക്കാൻ ഇത് വഴി കഴിയും.
ദിവസവും കാണുന്ന വസ്തുക്കൾ തല തിരിച്ച് വക്കാം.
അത് കപ്പുകളാകാം, ഫോട്ടോകളാകാം, പുസ്തകങ്ങളാകാം അങ്ങനെ എന്തും തല തിരിച്ച് വയ്ക്കാം. ഇത് ഈ വസ്തുക്കൾ തിരിച്ചറിയുന്നതിന് തലച്ചോറിൻറെ ഇടത് ഭാഗത്തിന് വലത് ഭാഗത്തിൻറെ സഹായം തേടേണ്ടി വരുന്നു. അതായത് നിങ്ങളുടെ തലച്ചോറിൻറെ സർഗ്ഗാത്മകതയുള്ള ഭാഗം ഉണരുന്നു. ഇത് തലച്ചോറിനെ കൂടുതൽ ഉഷാറാക്കും.,
ഇരിക്കുന്ന സ്ഥാനം മാറ്റി നോക്കാം
വീട്ടിലായാലും ഓഫീസിലായാലും കഴിയുമെങ്കിൽ ഇരിപ്പിത്തിൻറെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുക. വീട്ടിൽ പ്രത്യേകിച്ചും. പഠിക്കാനിരിക്കുന്ന സ്ഥാലംമായാലും, വായിക്കാനിരിക്കുന്ന സ്ഥാലമായാലും, ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന മേശയിലെ നിങ്ങളുടെ സ്ഥാനമായാലും മാറ്റിക്കൊണ്ടിരിക്കുക. മാസത്തിലൊരിക്കലോ, രണ്ടാഴ്ച കൂടുമ്ബോഴോ എങ്കിലും ഇത് ചെയ്യുന്നത് തലച്ചോറിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
കണ്ണടച്ച് നാണയങ്ങൾ എണ്ണാം.
സ്പർശനത്തിലൂടെ തലച്ചോറിനെ ഉന്മേഷവാനാക്കുന്ന വ്യായാമമാണിത്. ഒരു പാത്രത്തിൽ നാണയങ്ങളെടുത്ത് കണ്ണടച്ച് അവ എണ്ണാം. ഓരോന്നും എടുത്ത് അത് തൊട്ടു നോക്കി തിട്ടപ്പെടുത്തി മാറ്റി വക്കാം. ഓരോ നാണയവും പരിശോധിച്ചശേഷം അതിൻറെ മൂല്യം നിങ്ങൾ കണ്ടെത്തിയത് തന്നെയാണോ എന്ന് കണ്ണ് തുറന്ന് നോക്കാം.
പുസ്തകം വായിച്ച് കൊടുക്കാം
നിങ്ങൾ പുസ്തകം വായിക്കുന്നതിനേക്കാൾ മനോഹരമാണ് നിങ്ങൾ വായിക്കുന്നതിനൊപ്പം മറ്റൊരാൾക്ക് അത് വായിച്ച് കൊടുക്കുന്നതും. ഇത് തലച്ചോറിനെ കൂടുതൽ ഉണർത്തുകയും സന്തോഷമായിരിക്കാൻ സഹായിക്കുകയും ചെയ്യും. വായന കേൾക്കുന്നയാൾക്കും തലച്ചോറിന് ഇത് നല്ല വ്യായാമമാണ്.
സൂപ്പർമാർക്കറ്റില് കറങ്ങാം.
സ്ത്രീകൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് സൂപ്പർ മാർക്കറ്റിൽ കറങ്ങുക എന്നത്. എന്നാൽ ഇത് വെറുതെ ഒരു കറക്കമല്ല,വ്യായാമമാണ്. താൽപ്പര്യമുള്ള എല്ലാ സെക്ഷനും വിശദമായി പരിശോധിക്കുക. റാക്കുകളിൽ താഴെ മുതൽ മുകൾ ഭാഗം വരെയുള്ള ഉത്പന്നങ്ങളിലൂടെ കണ്ണോടിക്കുക. അവ വായിക്കുക. ഇതുവരെ കാണാത്തവ അതിലുണ്ടെങ്കിൽ അവ പരിശോധിക്കാം. അവ എന്തൊക്കെ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളതെന്ന് വായിക്കാം. അതിനെക്കുറിച്ച് ചിന്തിക്കാം.
English summary : Neurobic exercises can be done; Brain health can be improved