നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ടിക്കറ്റ് വിൽപന ഈമാസം 10ന് തുടങ്ങാൻ സാധ്യത. ടിക്കറ്റുകൾ പ്രിന്റ് ചെയ്ത് എത്തിയെങ്കിലും അവയിൽ ഹോളോഗ്രാം പതിപ്പിക്കൽ പൂർത്തിയാകാത്തതിനാലാണു വിൽപന വൈകുന്നത്. ഏകദേശം 20,000 ടിക്കറ്റുകളാണു വിൽക്കാൻ പദ്ധതിയിടുന്നത്. 15 ന് ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങിയേക്കും. (Nehru Trophy Boat Race: Kunchacko Boban to release mascot; Ticket sales may start on 10)
ഓഗസ്റ്റ് 10നു പുന്നമടയിലാണു വള്ളംകളി. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ വഴി ഓൺലൈനായും ടിക്കറ്റ് വിൽക്കും. സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലും കൗണ്ടർ സ്ഥാപിച്ചു ടിക്കറ്റ് വിൽക്കും.
ടൂറിസ്റ്റ് ഗോൾഡ് നെഹ്‌റു പവിലിയൻ- 3000 രൂപ, ടൂറിസ്റ്റ് സിൽവർ നെഹ്‌റു പവിലിയൻ- 2500, റോസ് കോർണർ- 1500, വിക്ടറി ലെയിൻ വുഡൻ ഗാലറി- 500, ഓൾ വ്യൂ വുഡൻ ഗാലറി- 300, ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി- 200, ലോൺ- 100 എന്നിങ്ങനെയാണു മറ്റു ടിക്കറ്റുകളുടെ നിരക്ക്.
ഈ വർഷം വൈറ്റില ഹബ്ബിലും ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങളിലൂടെ ടിക്കറ്റ് വിൽക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട്.