ആരോഗ്യവകുപ്പും പരാതി നൽകിയിട്ടുണ്ട്
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചിy കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പൊതുപ്രവർത്തകൻ ഡിജിപിയ്ക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൻ്റെ സത്യാവസ്ഥ അറിയണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.(Needle found from tablet; police case)
ആരോപണം വ്യാജമെന്ന് ചൂണ്ടികാട്ടി ആരോഗ്യവകുപ്പും പരാതി നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മൊട്ടുസൂചി പരിശോധിച്ചതിൽ ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണമില്ല. ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്ക് പ്രശ്നമില്ലെന്ന് ആണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡിജിപിക്ക് പരാതി നൽകി.
മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് വസന്ത ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ‘സി- മോക്സ്’ ഗുളികയ്ക്ക് ഉള്ളിൽ നിന്ന് മൊട്ടു സൂചി കണ്ടെത്തിയതായാണ് പരാതി.