തിരുവനന്തപുരം : നവകേരളയാത്രയിലൂടെ 136 മണ്ഡലങ്ങളിലും സഞ്ചരിച്ച് മന്ത്രിസഭ സമാഹരിച്ചത് 6,21,270 അപേക്ഷകൾ. പഞ്ചായത്ത്,വില്ലേജ് ഓഫീസുകൾ എന്നിവ ഉൾപ്പെടുന്ന തദേശവകുപ്പിലേയ്ക്കാണ് ഏറ്റവും കൂടുതൽ പരാതികൾ എത്തിയത്. പക്ഷെ ഒരൊറ്റ വകുപ്പിലും പരാതി പരിഹാര സംവിധാനങ്ങൾ നിലവിൽ ഇല്ല. അത് കൊണ്ട് തന്നെ നവകേരളയാത്രയിൽ ലഭിച്ച പരാതികൾ എല്ലാം കെട്ടികിടക്കുന്നു. ഇത് പരിഹരിക്കാൻ സംസ്ഥാന തലത്തിൽ ഒരുഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം മാറ്റം വരുത്തി ജില്ലാ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. പരാതി പരിഹാരത്തിനായി ജില്ലാ തലത്തിൽ നിലവിലുള്ളത് കളക്ടർമാരാണ്. ഇവർക്ക് പുറമെയാണ് മുതിർന്ന ഉദ്യോഗസ്ഥന് കൂടി ചുമതല നൽകി സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്നത്.
നവകേരള സദസിൽ ലഭിച്ച പരാതികൾ പ്രത്യേകം തരംതിരിച്ച് അതാത് വകുപ്പുകൾക്ക് കൈമാറും .ഇതിനായി നാഷണൽ ഇൻഫോമാറ്റിക് സെന്റർ പ്രത്യേക സൈറ്റ് നേരത്തെ തയ്യാറാക്കിയിരുന്നു. ഓരോ വകുപ്പുകളിലും ലഭിച്ച പരാതികൾ അതാത് ഉദ്യോഗസ്ഥർക്ക് മാത്രമേ കാണാനാകു. ഇത് വരെ വിവിധ ജില്ലകളിൽ ലഭിച്ച പരാതികളുടെ എണ്ണം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.80,885 അപേക്ഷകൾ ലഭിച്ച മലപ്പുറമാണ് മുന്നിൽ. കാനം രാജേന്ദ്രന്റ നിര്യാണത്തെ തുടർന്ന് മാറ്റി വച്ച മണ്ഡലങ്ങളിലെ യാത്ര പൂർത്തിയായ ശേഷം പൂർണ കണക്ക് പുറത്ത് വരും. ലഭിച്ച പരാതികൾ പരിഹരിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്.
Read More :മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ‘നവകേരള ബസ്സിൽ’ ഇനി പൊതുജനങ്ങൾക്കും യാത്ര ചെയ്യാം